തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഡോക്ടർമാരിൽ നിന്നും മൊഴിയെടുക്കും. ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യാശുപത്രിയിലെ ഡോക്ടർമാർക്ക് മൊഴി നൽകാൻ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ കാക്കനാട്ടെ ജയിലിൽ കഴിയുന്ന ബാലഭാസ്കറിന്റെ മാനേജരായിരുന്ന പ്രകാശൻ തന്പിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാരിൽ നിന്നും മൊഴിയെടുക്കുന്നത്.
ബാലഭാസ്കർ ചികിത്സയിലായിരുന്നപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് അടുത്ത് ഇടപെട്ടവർ ആരൊക്കെയായിരുന്നുവെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ചോദിച്ചറിയാനാണ് ഡോക്ടർമാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കുന്നത്. കൂടാതെ പ്രകാശൻ തന്പിയുടെ മൊഴികളിലെ വൈരുധ്യം പരിശോധിക്കുന്നതിനും കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം.
അതേ സമയം ഒളിവിൽ കഴിയുന്ന ജിഷ്ണുവും ബാലഭാസ്കറും തമ്മിൽ സാന്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്ന പുതിയ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അപകട മരണത്തിലെ ദൂരൂഹതകൾ നീങ്ങുന്നതിന് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, ജിഷ്ണു എന്നിവരെ കൂടി ചോദ്യം ചെയ്താൽ മാത്രമെ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.
ഇവർ ഇരുവരും ഒളിവിലാണ്. തീർത്ഥയാത്രക്ക് പോയിരിക്കുന്നുവെന്നാണ് ഇരുവരുടെയും ബന്ധുക്കൾ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിരിക്കുന്നത്.