തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച വയലനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആരോഗ്യനില നേരിയതോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ലക്ഷ്മി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.
സെപ്റ്റംബർ 25-നു പള്ളിപ്പുറം സിആർപിഎഫ് ക്യാന്പിനടുത്തു വച്ച് ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഏക മകൾ ഒന്നരവയസുകാരി തേജസ്വിനി ബാല അപകട ദിവസം തന്നെ മരിച്ചിരുന്നു.
കാറപകടത്തെത്തുടർന്ന് ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ഒക്ടോബർ രണ്ടിനു പുലർച്ചെയായിരുന്നു ബാലഭാസ്കറിന്റെ അന്ത്യം. അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ബാലഭാസ്കറിനെ ഒന്നിലധികം ശസ്ത്രക്രിയയക്ക് വിധേയനാക്കിയിരുന്നു.
തുടർന്ന് ബാലഭാസ്കർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് വില്ലനായത്.
ഒക്ടോബർ മൂന്നിന് തിരുവനന്തപുരം ശാന്തി കവാടത്തിൽ ബാലഭാസ്കറിന്റെ സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ നടന്നു. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അർജുനും ഇപ്പോൾ ചികിത്സയിലാണ്.
ഇതുവരെയും ബോധം വീണ്ടെടുക്കാത്ത ലക്ഷ്മി ഭർത്താവും കാത്തിരുന്നു കിട്ടിയ കണ്മണിയും നഷ്ടപ്പെട്ടതറിഞ്ഞിട്ടില്ല. ഇടയ്ക്കു ബോധം തെളിഞ്ഞ ലക്ഷ്മി മകളെ അന്വേഷിച്ചിരുന്നെങ്കിലും ചികിൽസയിലാണെന്നാണ് ബന്ധുക്കൾ അറിയിച്ചത്.