തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണ കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തും. കെഎസ്ആർടിസി ഡ്രൈവർ അജിയിൽ നിന്നാണ് വീണ്ടും മൊഴിയെടുക്കുന്നത്. അപകടസമയത്ത് അജി അതുവഴി ബസ് ഓടിച്ച് പോകുകയും അപകടം നേരിൽ കാണുകയും ചെയ്തിരുന്നു.
ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നുവോയെന്നതുൾപ്പെടെയുള്ള കാര്യത്തിൽ വ്യക്തത ലഭിക്കുന്നതിനാണ് അജിയിൽ നിന്നും വീണ്ടും മൊഴിയെടുക്കുന്നത്. കൂടാതെ അപകട സമയത്ത് സംഭവ സ്ഥലത്തെത്തിയ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണ് കോളുകളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നുണ്ട്.
വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തത ലഭിക്കാനായി നേരത്തെ അന്വേഷണ സംഘം ഡ്രൈവർ സീറ്റിൽ നിന്നും ലഭിച്ച രക്തം, തലമുടി എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം ലഭിച്ചിട്ടില്ല.
ഫലം ലഭിക്കുന്നതോടെ വാഹനം ഓടിച്ചിരുന്നത് ആരായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകൾ ലഭിക്കും. ഫോറൻസിക് സംഘം അർജുന്റെ പരിക്ക് പരിശോധിച്ചിരുന്നു. വാഹനമോടിച്ച ഡ്രൈവർക്ക് സംഭവിക്കാവുന്ന പരിക്കുകളായിരുന്നു അവയെന്നാണ് നേരത്തെ നിഗമനത്തിലെത്തിയിരുന്നത്. അർജുനും ബാലഭാസ്കറിന്റെ മറ്റൊരു സുഹൃത്തായ ജിഷ്ണുവും ഇപ്പോഴും ഒളിവിലാണ്.