തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടം നടന്ന സ്ഥലത്തുനിന്ന് ഒരാൾ ഒരാൾ ഓടിപ്പോകുന്നതു കണ്ടെന്ന് മിമിക്രി കലാകാരനായ കലാഭവൻ സോബി വെളിപ്പെടുത്തി. അപകടം നടന്നു പത്തുമിനിറ്റിനുള്ളിൽ അവിടെ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടതെന്ന് സോബി പറയുന്നു.
സംഭവം നടന്നു പത്തു മിനിറ്റിനുള്ളിൽ അപകടം നടന്ന സ്ഥലത്തിന് അടുത്തുകൂടി 25 വയസിനടുത്തുള്ള ഒരാൾ ഓടിപ്പോകുന്നതു കണ്ടു. മറ്റൊരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്തു കാലുകൊണ്ടു തുഴഞ്ഞുപോകുന്നതും കണ്ടു. ഇവരുടെ മുഖത്ത് എന്തോ അസ്വസ്ഥത പ്രകടമായിരുന്നു. പിന്നീടാണ് അപകടത്തിൽപ്പെട്ടതു ബാലഭാസ്കറാണെന്ന് അറിഞ്ഞത്.
തുടർന്ന് ഇക്കാര്യം സുഹൃത്തായ ഗായകൻ മധുബാലകൃഷ്ണനെ അറിയിച്ചു. മധു ബാലകൃഷ്ണൻ പ്രകാശ് തന്പിയുടെ ഫോണ് നന്പർ തന്നു. കണ്ട കാര്യങ്ങളെല്ലാം പ്രകാശ് തന്പിയോട് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്നും സോബി പറയുന്നു. ബാലഭാസ്കറുമായി അടുപ്പമുള്ള രണ്ടുപേർ സ്വർണക്കടത്തുമായി പിടിയിലായതോടെയാണ് ഇക്കാര്യത്തിൽ സംശയം തോന്നിയതെന്നും സോബി വെളിപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ള രണ്ടുപേർക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാലഭാസ്കറുമായി പരിചയമുള്ള പ്രകാശൻ തന്പിക്കും വിഷ്ണുവിനും സ്വർണക്കടത്തിൽ നേരിട്ട് പങ്കുള്ളത്. ഇതേത്തുടർന്നു പ്രകാശൻ തന്പിയെ ഡിആർഐ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇരുവരും ബാലഭാസ്കറുമായുണ്ടായിരുന്ന ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളും മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്.
സ്വർണക്കടത്ത് കേസിൽ ഡിആർഐ അറസ്റ്റ് ചെയ്ത പ്രകാശൻ തന്പി ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നും വിഷ്ണു ബാലഭാസ്കറിന്റെ ഫിനാൻസ് മാനേജർ ആയിരുന്നുവെന്നും പിതാവ് കെ.സി ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പ്രകാശൻ തന്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ മാനേജർമാർ ആയിരുന്നില്ലെന്നാണു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ വാദം. കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിനാണ് ബാലഭാസ്കറും മകളും വാഹനാപകടത്തിൽ മരിച്ചത്.