തിരുവനന്തപുരം: ബാലഭാസ്കറുടെയും മകളുടേയും മരണത്തിനു കാരണമായ അപകടം അമിതവേഗം മൂലമെന്ന് നിഗമനം. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ കാർ അമിത വേഗത്തിലായിരുന്നെന്ന് മോട്ടോർ വാഹനവകുപ്പും കാർ കമ്പനിയും പരിശോധനയിൽ കണ്ടെത്തി. കാർ മരത്തിലിടിച്ചത് മണിക്കൂറിൽ 100 കി.മീ. വേഗത്തിലായിരുന്നു.
അപകടത്തിനു തൊട്ടുമുമ്പ് വാഹനം ഓടിയത് മണിക്കൂറിൽ 100-120 കി.മീ. വേഗത്തിലും. അമിത വേഗം അപകട കാരണമായെന്നാണ് ശാസ്ത്രീയ നിഗമനം. അപകടത്തിൽ നിലച്ച കാറിന്റെ സ്പീഡോമീറ്ററിൽ രേഖപ്പെടുത്തിയത് 100 കിലോമീറ്റർ വേഗമായിരുന്നു.
ഇക്കാര്യങ്ങൾ സൂചിപ്പിച്ച് മോട്ടോർ വാഹനവകുപ്പും കാർ കമ്പനിയും സാങ്കേതികറിപ്പോർട്ട് നൽകി. എന്നാൽ അന്തിമറിപ്പോർട്ട് ഫൊറൻസിക് പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
സെപ്റ്റംബർ 25നു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറും മകളും മരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ പരാതി നൽകിയ സാഹചര്യത്തിൽ ബാലഭാസ്കറിന്റെ യാത്രയുടെ വിശദ വിവരങ്ങൾ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം.