ബാലഭാസ്കര്‍ എന്ന കാലകാരന്റെ ഓര്‍മ്മ മാത്രമേയുള്ളൂ, അദ്ദേഹത്തെ സ്നേഹിച്ചിരുന്നവര്‍ക്ക് ഇനി. ആ ചിരിയില്ല, ആ നിഷ്കളങ്കതയില്ല, ആ വിരലുകളില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന സംഗീതവുമില്ല. ഇനി അവ വേണമെന്നുണ്ടെങ്കില്‍ ഓര്‍മകളില്‍ നിന്ന് ചികഞ്ഞെടുക്കണം. നേരിട്ടു കണ്ടിട്ടില്ലാത്തവരടക്കം ലക്ഷങ്ങളാണ് അദ്ദേഹത്തിന് നേരിട്ടും അല്ലാതെയും ആദരവര്‍പ്പിച്ചത്.
സംഗീതലോകത്തെ പ്രതിഭകളെല്ലാവരും തന്നെ ബാലഭാസ്കറെ അനുസ്മരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ബാലഭാസ്കറിന് അനുശോചനം അറിയിച്ചിരിക്കുന്നു. അത്യന്തം ഹൃദയഭേദകമായ രീതിയിലാണ് ചിത്രയുടെ അനുശോചനക്കുറിപ്പ്.
‘അതൊരു ദു:സ്വപ്നം പോലെയായിരുന്നു”, ബാലുവിന്റെ മരണത്തെക്കുറിച്ച് കെഎസ് ചിത്ര ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ. ”അഗാധമായ ദു:ഖത്തോടെയാണ് ആ വാര്‍ത്ത കേട്ടത്. ബാലു എനിക്ക് ഇളയ സഹോദരനെപ്പോലെ ആയിരുന്നു. പൂര്‍ണത ആഗ്രഹിച്ചിരുന്ന ആളായിരുന്നു, പ്രതിഭാശാലി ആയിരുന്നു. ഞങ്ങളൊരുമിച്ച് ചില ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്. ബാലുവിന്റെയും തേജസ്വിനിയുടെയും ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു”, ചിത്ര ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്ഥാന ബഹുമതികളോടെയായിരുന്നു ബാലഭാസ്കറിന്റെ സംസ്കാരം. തിരുമലയിലെ വീട്ടില്‍ സമൂഹത്തിലെ നാനാതുറയിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരത്ത് ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഒപ്പം ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു അന്ത്യകര്‍മങ്ങള്‍.
Praying for the soul of Balu and Tejeswani. 🙏#Balabhaskar pic.twitter.com/HpFveaZvGp
— K S Chithra (@KSChithra) October 2, 2018