വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തണമെന്നും കോടതി പറഞ്ഞു.
മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ബാലഭാസ്കറിന്റെ അച്ഛന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
2019 സെപ്തംബർ 25ന് തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്.
എന്നാൽ ഇതൊരു അപകട മരണമല്ലെന്നും ആസൂത്രിത കൊലപതാകമാണെന്നും ബാലഭാസ്കറിന്റെ രക്ഷിതാക്കൾ ആരോപിച്ചു.
ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വർണ കടത്ത് കേസിൽ പ്രതികളുമായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരൻ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് ഇതിനു പിന്നിലെന്ന് ബാലഭാസ്കറിന്റെ രക്ഷിതാക്കൾ പറഞ്ഞു. അപകട സമയത്ത് കാറോടിച്ചത് ആരാണെന്ന കാര്യത്തിൽ വരെ തർക്കമുണ്ടാക്കിയത് കേസിൽ സംശയം തോന്നാൻ കാരണമായെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ നിരസിച്ചു. ഇക്കാര്യത്തെ സംബന്ധിച്ച വിവരങ്ങൾ സിബിഐ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു.