ലോകത്തിന്റെ വിവിധ കോണുകളിലുള്ള സംഗീതാസ്വാദകരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ബാലഭാസ്കര്‍ എന്ന വയലിന് മാന്ത്രികന്റെ ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങല്‍. ബാലഭാസ്കറിന്റെ വിരലുകള്‍ തീര്‍ത്തിരുന്ന ആ നാദം എന്നന്നേയ്ക്കുമായി തങ്ങള്‍ക്ക് നഷ്ടമായി എന്ന് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കും ഇഷ്ടപ്പെടുന്നവര്‍ക്കും ഇനിയും സാധിച്ചിട്ടില്ല.
ഇപ്പോള്‍ ജീവിതത്തില്‍ നിന്ന് വിടപറയുമ്പോള്‍ ഒരിക്കല്‍ അദ്ദേഹം തന്റെ ജീവന്റെ ഭാഗമായിരുന്ന സംഗീതത്തോട് വിട പറയാന്‍ ഒരുങ്ങിയ ഒരു വേളയാണ് അദ്ദേഹത്തിന്റെ ആരാധകരുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത്.
എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരിക്കല്‍ ഫേസ്ബുക്കിലൂടെ ബാലഭാസ്കര്‍ ഒരു പ്രഖ്യാപനം നടത്തി. താന്‍ സംഗീത ജീവിതം അവസാനിപ്പിക്കുവാന്‍ പോകുന്നു, ഏറ്റവുമടുത്ത ഒരു സുഹൃത്തില്‍ നിന്നും നേരിട്ട വഞ്ചനയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായത് എന്ന് വിശദീകരിച്ചുകൊണ്ട്.
‘ജീവിതത്തില്‍ എല്ലാവര്ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും മനസിലാക്കിയ സുഹൃത്ത്. ഞാന്‍ അയാളുമായി സ്വപ്നങ്ങള്‍ പങ്കിട്ടു. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ എടുത്തതും സുഹൃത്തുക്കളോട് ആലോചിച്ചാണ്. ഒരു ഘട്ടത്തില്‍ അടുത്ത സുഹൃത്തില്‍നിന്നു വഞ്ചനയോടെയുള്ള പെരുമാറ്റമുണ്ടായി. എനിക്കു സ്റ്റേജില്‍ നില്ക്കാന് കഴിയുന്നില്ല. സത്യസന്ധമായ സംഗീതം എന്നില്‍ നിന്നു പുറത്തുവന്നില്ല. അത് എന്നോടും എന്നെ സ്നേഹിക്കുന്നവരോടും ചെയ്യുന്ന ചതിയാണ്. ഇതായിരുന്നു ബാലഭാസ്കറിന്റെ വാക്കുകള്‍.
ഫേസ്ബുക്ക് പോസ്റ്റിനു ശേഷം ഒരുപാടു പേര് നേരിട്ട് ബന്ധപ്പെടുകയും തീരുമാനം പിന്‍വലിക്കണമെന്നു ബാലഭാസ്കറോട് ആവശ്യപ്പെടുകയും ചെയ്തു. ആളുകളുടെ സ്നേഹം എത്രമാത്രമാണെന്ന് മനസിലാക്കിയതോടെ ബാലു ആ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അങ്ങനെയൊന്ന് സംഭവിച്ചിരുന്നെങ്കില്‍…ഇന്നത്തേതിന് സമാനമായ വേദനയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഉണ്ടാവുക.