അച്ഛന്റെ സ്റ്റേജിലെ പ്രകടനം ആദ്യമായി വീക്ഷിക്കുന്ന ജാനിക്കുട്ടി! മകള്‍ക്കുവേണ്ടി പ്രത്യേകം ഡെഡിക്കേഷനുമായി ബാലഭാസ്‌കര്‍; കണ്ണീരടക്കാനാവാതെ ബാലഭാസ്‌കര്‍ ആരാധകര്‍

സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറുടെ മരണം അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും അംഗീകരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ഇതുവരെ. ജ്വലിക്കുന്ന ഓര്‍മയായി അദ്ദേഹത്തിന്റെ സംഗീതം തുടരുകയാണ്, ജനഹൃദയങ്ങളില്‍. ബാലഭാസ്‌കറുടെ ഓര്‍മകള്‍ അദ്ദേഹത്തിന്റെ ആരാധകരുമായി പങ്കുവച്ച് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളില്‍ പലരും.

ബാലഭാസ്‌കര്‍ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടെയും വീഡിയോകള്‍ സുഹൃത്തുക്കളും പങ്കു വയ്ക്കുന്നുണ്ട്. എന്നാല്‍ ബാലഭാസ്‌കറിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദി തന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നും പങ്കുവച്ച് വിഡിയോ കാണുന്നവരെ കണ്ണീരണിയിക്കും. ബാലഭാസ്‌കറിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു എന്നും, ഇതുവരെ സ്വകാര്യ അഹങ്കാരമായി കരുതി സൂക്ഷിച്ചിരുന്ന ഒരു വീഡിയോ റിലീസ് ചെയ്യുന്നു എന്നും കുറിച്ച് മെന്റ്റലിസ്റ്റ് ആദിയാണ് ഫേസ്ബുക്കില്‍ എത്തിയിരിക്കുന്നത്.

മകള്‍ക്കു വേണ്ടി വാത്സല്യം നിറഞ്ഞു തുളുമ്പുന്ന നീലാംബരി രാഗമാണ് ബാലഭാസ്‌കര്‍ സദസിന്റെ സമ്മതത്തോടെ വായിക്കുന്നത്. ആദ്യമായാണ് തന്റെ പ്രിയപ്പെട്ട മകള്‍ അച്ഛന്‍ വേദിയില്‍ നില്‍ക്കുന്നത് കാണുന്നത് എന്നും ബാലഭാസ്‌കര്‍ പറയുന്നുണ്ട്.

പതിനായിരങ്ങളാണ് ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം.

മകള്‍ തേജസ്വിനി അപകടസമയത്ത് തന്നെ മരിച്ചിരുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഇപ്പോഴും ചികിത്സയിലാണ്. ലക്ഷ്മിക്കു ബോധം തെളിഞ്ഞുവെന്ന് സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസി അറിയിച്ചിരുന്നു.

Related posts