വയലിനിസ്റ്റ് ബാലഭാസ്കര്‍ അകാലത്തില്‍ വിട പറയുമ്പോള്‍ സംഗീതലോകത്തിന് നഷ്ടമാവുന്നത് വിരലുകളാല്‍ ഇന്ദ്രജാലം കാട്ടിയിരുന്ന, സംഗീത ലോകത്തിന് ഒട്ടേറെ സംഭാവനകള്‍ കാത്തുവച്ചിരുന്ന പ്രതിഭയെ.
വയലിനുമായി ചേര്‍ന്നല്ലാതെ ബാലുവിന്റെ ചിത്രങ്ങള്‍ കാണുന്നത് പോലും അപൂര്‍വ്വമായിരുന്നു. മൂന്നാം വയസ്സില്‍ സംഗീതം അഭ്യസിച്ച് 17ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന് എന്ന ബഹുമതിയും ബാലഭാസ്കര്‍ സ്വന്തമാക്കിയിരുന്നു.
മലയാള സംഗീത ലോകത്ത് ഫ്യൂഷന്‍ സംഗീതവും ഇലക്ട്രിക് വയലിനും പരിചയപ്പെടുത്തിയതും സുഹൃത്തുക്കളും ബന്ധുക്കളും ബാലു എന്നു വിളിക്കുന്ന ബാലഭാസ്കര്‍ തന്നെയായിരുന്നു. ആയിരക്കണക്കിന് വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള ബാലഭാസ്കറിന് ലോകമെങ്ങും ആരാധകരുമുണ്ടായിരുന്നു.
സംഗീതപാരമ്പര്യ കുടുംബത്തില്‍ ജനിച്ച ബാലുവിന് നാഗസ്വര വിദ്വാന് കൂടിയായ മുത്തച്ഛന് ഭാസ്കരന് പണിക്കരാണ് സംഗീതലോകത്തേയ്ക്ക് വഴികാട്ടിയത്. 12ാം വയസ്സില്‍ ആദ്യകച്ചേരി നടത്തിയ ബാലു ഈസ്റ്റ് കോസ്റ്റുമായി കൈകോര്‍ത്ത് നിരവധി ഹിറ്റ് റൊമാന്റിക് ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
വെള്ളിത്തിരയില്‍ നല്ല തുടക്കം കിട്ടിയെങ്കിലും സിനിമയുടെ ഗ്ലാമറിന് പിന്നാലെയായിരുന്നില്ല ബാലഭാസ്കറിന്റെ യാത്ര. വയലിനിലെ അനന്തസാധ്യതകളെക്കുറിച്ച് അറിയുന്നതിന് യൂണിവേഴ്സിറ്റി കോളേജില്‍ സംസ്കൃതത്തില്‍ എംഎയും എടുത്തു.
ഇതിനിടയില്‍ സഹപാഠിയായിരുന്ന ലക്ഷ്മിയെ 2000ത്തില്‍ ജീവിതസഖിയാക്കുകയും ചെയ്തു. നിരവധി വഴിപാടുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് തേജസ്വിനി പിറന്നത്. എന്നാല്‍ അച്ഛന് മുമ്പേ അവളും ഈ ലോകത്തോട് വിടപറയുകയായിരുന്നു.
ജീവന്റെ ജീവനായിരുന്ന ബാലുവും കാത്തിരുന്ന് കിട്ടിയ കണ്മണിയും വിടവാങ്ങുമ്പോള്‍ അവരുടെ വിയോഗത്തെക്കാളുപരിയായി ഏവരുടെയും നെഞ്ച് പൊള്ളിക്കുന്നത് ലക്ഷ്മിയുടെ അവസ്ഥയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ലക്ഷ്മിയ്ക്ക് ഇതെല്ലാം ഏറ്റെടുക്കാന്‍ ശക്തി ലഭിക്കണമേയെന്ന പ്രാര്‍ത്ഥനയിലാണ് ഏവരും.
മനോഹരമായ പ്രണയത്തിനൊടുവില്‍ ജീവിതത്തിലേയ്ക്ക് ചേര്‍ത്ത ഭര്‍ത്താവിനെയും നീണ്ട 16വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകളെയുമാണ് വിധി തട്ടിയെടുത്തത്. 22-ാം വയസ്സിലാണ് ലക്ഷ്മിയെ ബാലഭാസ്കര്‍ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കൂട്ടിയത്.
ലക്ഷ്മിക്കു വേണ്ടി അന്ന് ബാലു ഒരുക്കിയ ‘ആരു നീ എന്നോമലേ’ എന്ന ഗാനം അന്ന് സൂപ്പര്‍ ഹിറ്റായിരുന്നു. നിനക്കായ്, നീ അറിയാന്‍ തുടങ്ങിയ ആല്‍ബങ്ങളും കോളജ് കാലത്ത് ബാലു രൂപീകരിച്ച ‘കണ്ഫ്യൂഷന്’ എന്ന ബാന്റ് സൃഷ്ടിച്ചതാണ്. ‘കോണ്സണ്ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിന്റെ ചുരുക്ക പേരായി ബാലു തന്നെയാണ് ഈ പേരിട്ടതും.
പിന്നീട് ഈ ബാന്റ് പിരിഞ്ഞു. അതിനുശേഷം ‘ദി ബിഗ് ബാന്റ്’ ബാലു രൂപീകരിച്ചു. ടെലിവിഷന്‍ ചാനലില്‍ ആദ്യമായി ഫ്യൂഷന്‍ പരമ്പരയോടെയാണ് ബാന്‍ഡ് തുടങ്ങിയത്. പിന്നീട് ‘ബാലലീല’ എന്ന പേരില്‍ സ്വന്തം പരിപാടികളുമായി ലോകം ചുറ്റി. ‘ക്വാബോന്‍ കെ പരിന്‍ഡെ’ എന്ന ഹിന്ദി ആല്‍ബവും പുറത്തിറക്കി.
അത്തരത്തിലൊന്നും ബാലുവിന്റെ വയലിനില്‍ നിന്ന് ഇനി വരില്ല. സംഗീത വില്ലിനാല്‍ വിസ്മയം തീര്‍ത്ത കലാകാരന് പ്രണാമം…