വയലിനോട് മുഖം ചേര്‍ത്തല്ലാതെ ബാലഭാസ്‌കറെ ആരും കണ്ടിട്ടില്ല എന്നുതന്നെ പറയാം. വയലിന്‍ അല്ലാതെ വേറേതെങ്കിലും ഉപകരണം ബാലു വായിക്കുന്നത് ആരാധകര്‍ക്കാര്‍ക്കും ചിന്തിക്കാനും കഴിയില്ല. എന്നാല്‍ മറ്റൊരുപകരണം ആസ്വദിച്ച് വായിക്കുന്ന ബാലഭാസ്‌കറിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അതിപ്പോള്‍ ട്രെന്‍ഡുമാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം ബാലഭാസ്‌കര്‍ ഘടം വായിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബംഗളൂരുവിലെ ഉഡുപ്പാ ഫൗണ്ടേഷനില്‍ ഘടം വായിക്കുന്ന ഗിരിധര്‍ ഉഡുപ്പാ, ശിവമണി, സ്റ്റീഫന്‍ ദേവസ്സി, ജിനോ ബാങ്ക്‌സ്, കീത്ത് പീറ്റേഴ്‌സ് എന്നിവരോടൊപ്പമാണ് ബാലഭാസ്‌കര്‍ ഘടം വായിക്കുന്നത്.
വായനയുടെ ഇടയ്ക്ക് എനിക്കിത് കഴിയില്ല എന്ന ഭാവത്തോടെ ബാലഭാസ്‌കര്‍ കൂടെയുള്ളവരെ നോക്കുകയും കൈമലര്‍ത്തുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. എങ്കില്‍പ്പോലും വയലിന്‍ പോലെ തന്നെ ആസ്വദിച്ചാണു ബാലഭാസ്‌കറിന്റെ ഘടം വായനയും.
സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ഘടം വിദഗ്ധന്‍ ഗിരിധറിന്റെ നേതൃത്വത്തില്‍ 2015 ല്‍ രൂപംകൊണ്ട സംഘടനയാണു ഉഡുപ്പാ ഫൗണ്ടേഷന്‍. ബംഗളൂരുവില്‍ നടന്ന ഒരു കൂട്ടായ്മയുടെ ഭാഗമായാണ് കലാകാരന്മാര്‍ ഘടം വായനയുമായി എത്തിയത്. ഏതായാലും ബാലഭാസ്‌കറിനെ ഓര്‍മിക്കാന്‍ മറ്റൊരവസരം കൂടി കിട്ടിയിരിക്കുകയാണ് ആരാധകര്‍ക്കിപ്പോള്‍.