ബാലഭാസ്‌കര്‍ വിടവാങ്ങി മണിക്കൂറുകള്‍ തികയുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ പേരില്‍ വിവാദങ്ങള്‍ തലപൊക്കിയിരിക്കുന്നു. ജീവിതം എന്നത് ഇത്രയേയുള്ളൂ, പബകരക്കാരന്‍ എപ്പോഴും റെഡിയാണ് എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ബാലഭാസ്‌കര്‍ ചെയ്യാമെന്നേറ്റിരുന്ന സംഗീത പരിപാടിക്ക് സംഘാടകര്‍ പകരം ആളെ കണ്ടെത്തിയതോടെയാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ബാലഭാസ്‌കറിന്റെ വിടവ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കേരളക്കര തിരിച്ചു വരുന്നതിനു മുന്നേ നിശ്ചയിച്ചുറപ്പിച്ച പരിപാടിക്ക് പുതിയ ആളെ പ്രതിഷ്ഠിച്ചതിലുള്ള പ്രതിഷേധമായിരുന്നു പിന്നീട് അരങ്ങേറിയത്.
ബാലഭാസ്‌കറിനു പകരം വിഖ്യാത വയലിന്‍ കലാകാരന്‍ ശബരീഷ് പ്രഭാകറിനെയാണ് സംഘാടകര്‍ പരിപാടിക്കായി സമീപിച്ചത്. സംഭവം പുറത്തായതോടെ ആളുകള്‍ പ്രതിഷേധവുമായി എത്തി. ‘നിങ്ങള്‍ക്ക് ബാലഭാസ്‌കറിന് പകരക്കാരനാകാന്‍ ആകില്ല, ബാലഭാസ്‌കറിനോടുള്ള അവഗണനയാണിത്’ എന്നുള്ള തരത്തിലായിരുന്നു പോസ്റ്റുകള്‍. ചിലര്‍ സംഘാടകര്‍ക്കെതിരേയും തിരിഞ്ഞു.
ശബരീഷിനെതിരെ വ്യക്തിഹത്യ ചെയ്യാനും ശ്രമങ്ങളുണ്ടായി. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന പോസ്റ്റുകളില്‍ അങ്ങേയറ്റം വേദനയുണ്ടെന്ന് തുറന്ന് പറഞ്ഞ് പിന്നീട് ശബരീഷ് നേരിട്ട് രംഗത്തെത്തി. ‘എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാന്‍ കഴിയില്ല. കര്‍ണാടക സംഗീതജ്ഞന്‍ മാത്രമായ എനിക്ക് വയലിനില്‍ ഇങ്ങനെയൊരു സാധ്യത തുറന്നിട്ട് തന്നത് ബാലുച്ചേട്ടനാണ്. അദ്ദേഹം ഇതിഹാസ കലാകാരനാണ്. എനിക്ക് സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്.’ശബരീഷ് പറഞ്ഞു.
‘ഈ പോസ്റ്റര്‍ ഇന്നോ ഇന്നലെയോ നിര്‍മ്മിച്ചതല്ല. ബാലച്ചേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേ അദ്ദേഹത്തിന്റെ കുടുംബം അറിഞ്ഞു കൊണ്ടാണ് ഞാന്‍ ഈ പരിപാടിക്ക് വരാമെന്നേറ്റത്. അന്നത്തെ സാഹചര്യം അതായിരുന്നു. ബാലു ചേട്ടന്‍ ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ അതേറ്റെടുക്കുക എന്നല്ലാതെ കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു.’
‘പിന്നെ ബാലു ചേട്ടന്‍ ചെയ്യാമെന്നേറ്റ പരിപാടിയുടെ ഉദ്ദേശ്യശുദ്ധി നിങ്ങള്‍ മനസിലാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി. എല്ലാത്തിനും ബാലുച്ചേട്ടന്റെ കുടുംബം സാക്ഷിയാണ്. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന് പകരക്കാരനാകില്ല’ ശബരീഷ് ആവര്‍ത്തിച്ചു.