തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്തു നടത്തുന്ന സംഘത്തിനു ബന്ധമുണ്ടോയെന്നു ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്വർണക്കടത്ത് അന്വേഷിക്കുന്ന ഡിആർഐയിൽനിന്നുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
ബാലഭാസ്കറിന്റെ സംഗീതപരിപാടികളുടെ കോ-ഓർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയും ബാലുവിന്റെ കാർ ഡ്രൈവർ അർജുന്റെ സുഹൃത്ത് വിഷ്ണുവും സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് അപകടത്തിനു പിന്നിലെ ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അർജുനെയും അപകടത്തിന്റെ ദൃക്സാക്ഷികളെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും.
അതിനിടെ, അപകടമുണ്ടായ സ്ഥലത്തു രണ്ടു പേരെ കണ്ടെന്നു കലാഭവൻ സോബി പറഞ്ഞതോടെ, അപകടത്തിലെ ദുരൂഹത വർധിച്ചു. അപകടമുണ്ടായി പത്തു മിനിറ്റിനകം അതുവഴി കടന്നുപോയപ്പോൾ അപകട സ്ഥലത്തുനിന്നു രണ്ടു പേർ ഓടിപ്പോകുന്നതു കണ്ടുവെന്നാണ് സോബി പറയുന്നത്. അപകട സ്ഥലത്തേക്ക് ആളുകൾ ഓടിയെത്തുമ്പോൾ, അവിടെനിന്ന് ഒരാൾ ഓടിപ്പോകുന്നതും എതിർവശത്തു തടിച്ച ഒരാൾ ബൈക്കും തള്ളിപ്പോകുന്നതും കണ്ടിരുന്നു. പിന്നീടാണ് അപകടത്തിൽ മരിച്ചതു ബാലുവാണെന്ന് അറിഞ്ഞത്.
ബാലുവുമായി അടുപ്പമില്ലാതിരുന്നതിനാൽ സുഹൃത്തായ മധു ബാലകൃഷ്ണനോട് ഇക്കാര്യം പറഞ്ഞു. മധുവാണു മാനേജർ പ്രകാശ് തമ്പിയുടെ നമ്പർ തന്നത്. തമ്പിയോട് ഇക്കാര്യം പറഞ്ഞെങ്കിലും സീരിയസ് ആയി എടുത്തില്ലെന്നും സോബി ആരോപിക്കുന്നു.
പ്രകാശ് തന്പിയെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണു ഒളിവിലാണ്. റിമാൻഡിലുള്ള പ്രകാശ് തന്പിയെ ചോദ്യംചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചേക്കും.
ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്നും ദുരൂഹതയുണ്ടെന്നും സംശയിച്ച് പിതാവ് സി.കെ. ഉണ്ണി പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബാലുവിന് എന്തെങ്കിലും സാന്പത്തിക ഇടപാടുകളുണ്ടായിരുന്നോ എന്നാണു ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
കോളജ് കാലം മുതൽ ബാലഭാസ്കറിന്റെ സുഹൃത്താണു വിഷ്ണു. അപകടസമയത്തു കാറിലുണ്ടായിരുന്ന ഡ്രൈവർ അർജുനെ ബാലുവിനൊപ്പം അയച്ചത് വിഷ്ണുവായിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതു വിഷ്ണുവാണെന്നാണു സൂചന. വിഷ്ണു സ്ഥിരമായി വിദേശ യാത്രകൾ നടത്തിയതിന്റെ തെളിവ് ഡിആർഐ ക്രൈംബ്രാഞ്ചിന് കൈമാറി. ബാലു മരിച്ച ശേഷം കഴിഞ്ഞ നവംബർ മുതലാണ് പ്രകാശ് വിദേശത്തേക്ക് പോയിത്തുടങ്ങിയതെന്നാണ് രേഖകൾ.
ബാലഭാസ്കറിന്റെ വീട്ടിൽ സ്ഥിരമായി വന്നിരുന്ന ഇവർ മരണത്തിനുശേഷം വീട്ടിൽ വന്നിട്ടില്ലെന്ന് പിതാവ് കെ.സി. ഉണ്ണി വ്യക്തമാക്കി. പിന്നീട് ഫോണിൽപോലും ആരും ബന്ധപ്പെട്ടില്ല. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബന്ധുക്കളേക്കാൾ കൂടുതൽ അറിയാവുന്നത് ഇവർക്കായിരുന്നു. പാലക്കാട്ട് ഒരു ഡോക്ടറുമായി നടത്തിയ സാമ്പത്തിക ഇടപാടിലും ബന്ധുക്കൾക്ക് സംശയമുണ്ട്. ബാലഭാസ്കർ വലിയൊരു തുക ഡോക്ടർക്ക് നൽകിയിരുന്നു. പിന്നീട് ഇതു തിരിച്ചു ചോദിച്ചിരുന്നതായും ആ സമയത്താണ് അപകടം ഉണ്ടായതെന്നും ബന്ധുക്കൾ പറയുന്നു.
വിഷ്ണു വഴിയാണ് പാലക്കാട് പണം നിക്ഷേപിച്ചത്. പാലക്കാട്ടെ ഡോക്ടർക്കു വിദേശ ബന്ധങ്ങളുണ്ടെന്നും ബന്ധുക്കൾ പറയുന്നു. അപകടം ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് ബാലഭാസ്കർ എവിടെ എത്തിയെന്നറിയാൻ ഫോണ് കോളുകൾ വന്നിരുന്നതായും ബന്ധുക്കൾ പറയുന്നു.