തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം സംബന്ധിച്ച് സത്യം പോലീസ് അന്വേഷണത്തിൽ പുറത്തുവരട്ടെയെന്ന് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയുടെ പ്രതികരണം. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ പ്രകാശൻ തന്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല. മാനേജർ ആയിരുന്നു എന്ന വാർത്ത തെറ്റാണെന്നാണ് താൻ വ്യക്തമാക്കിയതെന്നും ലക്ഷ്മി പറഞ്ഞു.
ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്നും ദുരൂഹതയുണ്ടെന്നും സംശയിച്ച് പിതാവ് സി.കെ. ഉണ്ണി പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബാലുവിന് എന്തെങ്കിലും സാന്പത്തിക ഇടപാടുകളുണ്ടായിരുന്നോ എന്നാണു ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
ബാലഭാസ്കറിന്റെ സംഗീതപരിപാടികളുടെ കോ-ഓർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയും ബാലുവിന്റെ കാർ ഡ്രൈവർ അർജുന്റെ സുഹൃത്ത് വിഷ്ണുവും സ്വർണക്കടത്തിൽ പ്രതികളായതോടെയാണ് അപകടത്തിനു പിന്നിലെ ദുരൂഹത പുറത്തുവരുന്നത്. അർജുനെയും അപകടത്തിന്റെ ദൃക്സാക്ഷികളെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും.