തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ അപകടസമയത്തു കാർ ഓടിച്ചിരുന്നതു ഡ്രൈവർ അർജുൻ ആണെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ആവർത്തിച്ചു. ബാലഭാസ്കറാണു കാറോടിച്ചതെന്ന വ്യാജമൊഴി ഡ്രൈവർ അർജുൻ നൽകിയത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് സംഘത്തോടു ലക്ഷ്മി ആവശ്യപ്പെട്ടു.
സ്വർണക്കടത്തു സംഘത്തിനു ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ലക്ഷ്മിയുടെ തിരുമലയിലെ വീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
അപകടമുണ്ടായ ശേഷം ഡ്രൈവർ അർജുൻ ഇതുവരെ തന്നെ വിളിച്ചിട്ടില്ല. അപകടസമയത്തു ബാലഭാസ്കർ പിൻസീറ്റിലാണ് ഇരുന്നത്. കാറോടിച്ചിരുന്നതു ഡ്രൈവർ അർജുൻ തന്നെയാണ്. അപകടം നടന്ന ശേഷം തനിക്കു ബോധം നഷ്ടമായി.
അർജുന്റെ അമ്മായി പാലക്കാട്ടെ ലതയുടെ കുടുംബവുമായി ബാലഭാസ്കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ് ആവശ്യത്തിനായി പണം നൽകിയിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണു പണം നൽകിയത്. അതു രണ്ടു തവണയായി മടക്കിനൽകി. പള്ളിപ്പുറത്തുണ്ടായ അപകടത്തിലെ ദുരൂഹത നീക്കാൻ ഏതന്വേഷണവും നടക്കട്ടെയെന്നു ലക്ഷ്മി വ്യക്തമാക്കി.
സാധാരണ യാത്രയ്ക്ക് ഉപയോഗിക്കുന്ന അത്യാവശ്യം സ്വർണാഭരണങ്ങൾ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാലഭാസ്കറിനോട് ആർക്കും വ്യക്തിവൈരാഗ്യമുള്ളതായി അറിയില്ല.
ബാലഭാസ്കറിന്റെ കേരളത്തിലെ പരിപാടികളുടെ കോ- ഓർഡിനേഷൻ ചുമതലയാണ് പ്രകാശ് തന്പിക്കുണ്ടായിരുന്നത്. വിദേശത്തെ പരിപാടികളുടെ ഏകോപന ചുമതല വിഷ്ണുവിനായിരുന്നു. ഇവർ ഇരുവരും ഗ്രൂപ്പിലെ ഒൗദ്യോഗിക ജീവനക്കാരായിരുന്നില്ല. ഇവരുമായി ബാലുവിനു മറ്റൊരു ബന്ധവുമില്ലായിരുന്നു.
സ്വർണക്കടത്തുമായി ബാലഭാസ്കറിന് ഒരുതരത്തിലുള്ള ബന്ധവുമുണ്ടായിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് സംഘത്തെ ലക്ഷ്മി അറിയിച്ചു.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിൽ പ്രകാശ് തന്പിയെയും വിഷ്ണുവിനെയും കഴിഞ്ഞ ദിവസം ഡിആർഐ പ്രതിചേർത്തിരുന്നു. ഇതിൽ പ്രകാശ് തന്പിയെ അറസ്റ്റ് ചെയ്തു. വിഷ്ണു ഒളിവിലാണ്. കടത്തുന്ന സ്വർണം വാങ്ങിയിരുന്ന ജ്വലറികളെ കേന്ദ്രീകരിച്ചു തുടർ അന്വേഷണം നടത്താനാണു ഡിആർഐയുടെ തീരുമാനം.
അപകടമരണവുമായി ബന്ധപ്പെട്ട ദുരൂഹത തീർക്കാൻ ക്രൈംബ്രാഞ്ച് പ്രകാശ് തന്പിയെ ചോദ്യം ചെയ്യാനുള്ള ശ്രമം തുടങ്ങി. റിമാൻഡിൽ കഴിയുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകും. അപകട സ്ഥലത്തുനിന്നു ദുരൂഹ സാഹചര്യത്തിൽ രണ്ടു പേർ ഓടിപ്പോകുന്നതു കണ്ടുവെന്ന് ആരോപിച്ച കലാഭവൻ സോബിയുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുക്കും.