സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാലത്തിന്റെ കവിളിലേക്കിറ്റുവീണ കണ്ണുനീർത്തുള്ളിയായി, മലയാളിയുടെ ഉള്ള് പൊള്ളിച്ചു മറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. മറക്കാനാവാത്ത സംഗീതം പോലെ ആ വേദന ഇന്നും മലയാളികളെ അലട്ടിക്കൊണ്ടേയിരിക്കുന്നു.
അത്രമേൽ ആസ്വാദ്യമായ ’പുഞ്ചിരിക്കുന്ന’ ആ സംഗീതം നിലച്ച വാർത്തയുടെ ഞെട്ടലിലേക്കാണ് കഴിഞ്ഞ വർഷം ഇതേ ദിനത്തിൽ നേരം പുലർന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 25 ന് പുലർച്ചെ നാലോടെയാണ് കഴക്കൂട്ടം പള്ളിപ്പുറത്തിനടുത്തു വച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മരത്തിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ ബാലുവിന്റെ മകൾ തേജസ്വിനി ബാല മരിച്ചു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കറും ഒരാഴ്ചയ്ക്കു ശേഷം ലോകത്തോടു വിടപറഞ്ഞു. ഓർക്കാപ്പുറത്ത് ഒറ്റയ്ക്കായിപ്പോയ ഭാര്യ ലക്ഷ്മിയുടെ കണ്ണുകൾ ഇനിയും തോർന്നിട്ടില്ല. അപകടവും ദുർവിധിയും സമ്മാനിച്ച വേദനകൾ കടിച്ചമർത്തി ലക്ഷ്മി ബാലുവിന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലുണ്ട്.
കാത്തുകാത്തിരുന്നു കിട്ടിയ മകൾ തേജസ്വിനിയുടെ പേരിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വഴിപാട് നടത്തി തിരുവനന്തപുരത്തേക്കു മടങ്ങുന്പോഴായിരുന്നു ബാലുവും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.
തൃശൂരിലെ ക്ഷേത്രദർശനത്തിന് ശേഷം അവിടെ തങ്ങാൻ തീരുമാനിക്കുകയും ഹോട്ടലിൽ മുറി ബുക്കു ചെയ്യുകയും ചെയ്തിരുന്ന ബാലഭാസ്കർ, രാത്രി തന്നെ തിരുവനന്തപുരത്തേക്കു തിരിച്ചതിലും തുടർന്നുണ്ടായ അപകടത്തിലും സാന്പത്തിക ഇടപാടുകളിലുമെല്ലാം സംശയം ഉന്നയിച്ച് ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്തു വന്നതോടെ സംഭവത്തിന് ദുരൂഹതയുടെ മറവീണു.
അപകടം നടക്കുന്പോൾ വാഹനമോടിച്ചിരുന്നത് ബാലഭാസ്കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കളവാണെന്നു തെളിഞ്ഞതും കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കൾ സ്വർണക്കടത്ത് കേസിൽ പ്രതികളായതുമെല്ലാം ദുരൂഹതകളുടെ ആഴം വർധിപ്പിച്ചിരുന്നു.
എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമാണു നടന്നത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അപകടം ആസൂത്രിതമല്ലെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമുള്ള നിഗമനത്തിലാണ് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം എത്തിച്ചേർന്നത്.
എന്നാൽ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും പിതാവ് കെ.സി ഉണ്ണി ഇപ്പോഴും ആവർത്തിച്ച് ആരോപിക്കുന്നു. ഇതേ തുടർന്ന് അന്വേഷണം സിബിഐക്ക് വിടാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ അന്വേഷണം സിബിഐക്ക് വിട്ടു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. നിലവിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല.