വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറുടെ വേര്‍പാട് അദ്ദേഹത്തിന്റെ ആരാധകരെ ചെറുതായൊന്നുമല്ല, വിഷമിപ്പിച്ചത്. അപ്രതീക്ഷിതമായുള്ള ആ വിടവാങ്ങല്‍ ഞെട്ടലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍ക്കൊണ്ടതും. ചികിത്സയില്‍ കഴിഞ്ഞിരുന്നപ്പോഴും ബാല ജീവിതത്തിലേയ്ക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു എല്ലാവരും.
ബാല തിരിച്ചു വരുമെന്ന് ഏറ്റവും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നതും ഉറ്റ സുഹൃത്തും സഹോദരതുല്യനുമായ സ്റ്റീഫന്‍ ദേവസിയായിരുന്നു. ബാലു മരിക്കുന്നതിന്റെ തലേദിവസം ബാലയെ സന്ദര്‍ശിച്ച സ്റ്റീഫന്‍ 20 മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.
എന്നാല്‍ വെളുപ്പിനെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് ബാലഭാസ്കര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇപ്പോള്‍ ബാലുവിന് ഏറ്റവും പ്രിയപ്പെട്ട സൂര്യ തീം സോങിന്റെ പിയാനോ വേര്‍ഷന്‍ ചെയ്ത് അത് ബാലുവിനായി സമര്‍പ്പിച്ചിരിക്കുകയാണ് സ്റ്റീഫന്‍. ‘ബാലുവിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി.
ബാലയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ‘സൂര്യ’യുടെ പിയാനോ വേര്‍ഷനാണിത്. ഞാനും ബാലയും നിരവധി തവണ വേദികളില്‍ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഞാന്‍ ബാലയ്ക്കു വേണ്ടി സമര്‍പ്പിക്കുന്നു. ഫേസ്ബുക്കിലൂടെ സ്റ്റീഫന്‍ പറഞ്ഞു.