എം.ജെ ശ്രീജിത്ത്
വയലിനിൽ മാന്ത്രികത തീർത്ത ഉദയസൂര്യൻ അസ്തമിച്ചു. ഇനിയില്ല ശുദ്ധ സംഗീതത്തിന്റെ ആ പ്രതിഭ. 16 വർഷത്തിനു ശേഷം ആറ്റു നോറ്റുണ്ടായ കൺമണിയുടെ പിന്നാലെ, കോളേജു കാലത്ത് പ്രണയമായി കൂടെക്കൂടിയ പ്രിയതമയോട് ഒരു വാക്കു പോലും പറയാതെ പ്രിയപ്പെട്ടവരുടെ ബാലു വിടപറയുന്പോൾ നഷ്ടമാകുന്നത് 12വയസിൽ തുടങ്ങിയ മാന്ത്രിക വിസ്മയത്തെ. ബാലു ആ രണ്ടു വാക്കിൽ ഉണ്ടായിരുന്നു പ്രിയപ്പട്ടവർക്ക് എല്ലാം. എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന ബാലു സ്കൂൾ കാലംമുതൽ കാത്തു സൂക്ഷിച്ച് സൗഹൃദങ്ങൾ നിരവധി.
തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിക്കുന്പോൾ തന്നെ സംഗീത രംഗത്ത് ബാലഭാസ്കർ തന്റെ വരവ് അറിയിച്ചു. അമ്മയുടെ സഹോദരൻ ബി ശശികുമാറിൽ നിന്ന് പകർന്നു കിട്ടിയ ശുദ്ധ സംഗീതം ബാലുവിലെ കലാകാരനെ ഉയരങ്ങളിൽ എത്തിച്ചു. താന്ത്രിവാദ്യത്തിലും വൃന്ദവാദ്യത്തിലും സ്കൂൾ തലത്തിൽ തന്നെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി.
പത്താം ക്ലാസിൽ 525 മാർക്കോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബാലഭാസ്കറിന്റെ പ്രീഡിഗ്രി പഠനം മാർ ഇവാനിയോസ് കോളേജിലായിരുന്നു. ഈ കാലത്താണ് മംഗല്യപല്ലക്ക് എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. ഈസ്റ്റു കോസ്റ്റിന്റെ വിദേശ ഷോയായ കിലുക്കത്തിന് സംഗീതം നൽകിയതോടെയാണ് ബാലുവെന്ന പ്രതിഭയെ കേരളം തിരിച്ചറിഞ്ഞു തുടങ്ങിയത്.
അതിനു ശേഷം. യൂണിവേഴ്സിറ്റി കോളജിൽ ബി.എയ്ക്ക് പഠിക്കാനെത്തിയതോടെയാണ് ബാലുവെന്ന സംഗീത പ്രതിഭയുടെ മാറ്റു കൂട്ടിയത്. യൂണിവേഴ്സിറ്റി കോളജിലെ സഹപാഠികളുമായി ചേർന്ന് കൺഫ്യൂഷൻ ബാന്റിലൂടെ നീ അറിയാൻ എന്ന സ്വതന്ത്ര മ്യൂസിക് ആൽബം ചിട്ടപ്പെടുത്തി. ഇതു മലയാളിയ്ക്ക് നൽകിയത് വേറിട്ട അനുഭവമായിരുന്നു. സുര്യാ ടീവിയിലൂടെ മാലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചതോടെ ഇന്ത്യ അറിയുന്ന കലാകാരനായി ബാലു മാറി.
നാൽപതാം വയസിൽ ആ വിരലുകളിലെ സംഗീതം നിലയ്ക്കുന്പോൾ ലോകത്തിന് മുന്പിൽ തന്റേതായ ഒരിടം ഒരുക്കിയിട്ട് തന്നെയാണ് ആദ്ദേഹം യാത്രയാകുന്നത്. ഇലട്രിക് വയലിനിൽ ബാലഭാസ്കർ വിരലോടിക്കുന്പോൾ അതു വീക്ഷിക്കാനിരിക്കുന്ന സദസ് സ്വയം മറന്നിരിക്കുന്ന കാഴ്ച എത്രയോ തവണ സംഗീത ലോകം കണ്ടിരിക്കുന്നു. ഇൻഡോ-വെസ്റ്റേൺ ഫ്യൂഷൻ മലയാളത്തിന് പരിചയപ്പെടുത്തിയത് ബാലഭാസ്കറായിരുന്നു.
എ ആർ റഹ്മാൻ ഉൾപ്പടെയുള്ള സംഗീത പ്രതിഭകളെ വരെ അന്പരപ്പിച്ച പ്രകടനമായിരുന്നു പലപ്പോഴും ബാലഭാസ്കറിന്റേത് സ്റ്റീഫൻ ദേവസ്യയുമായി ചേർന്ന് നടത്തിയ പല പ്രോഗ്രാമുകളും കാണികൾക്ക് നൽകിയ ലഹരി പറഞ്ഞാലും എഴുതിയാലും തീരില്ല.
അത്രയ്ക്ക് ഹൃദയങ്ങളിൽ ഇഴുകിച്ചേർന്ന ബന്ധമായിരുന്നു മലയാളികൾക്ക് ബാലഭാസ്കറുമായി. നിനയ്ക്കായി ആദ്യമായി, ഓർമ്മയ്ക്കായി തുടങ്ങിയ പ്രണയ ആൽബങ്ങൾ കൗമാര ഹൃദയങ്ങളെ കീഴടക്കാൻ പോന്നതായിരുന്നു. സിനിമാ സംഗീതത്തിനപ്പുറം മാലയാള ഗാനങ്ങൾക്ക് പുതിയ വേദി സജ്ജമാക്കിയ ബാലഭാസ്കറുടെ ജനനം 1978 ജൂലൈ 10നായിരുന്നു.
അച്ഛൻ ഉണ്ണി(ചന്ദ്രൻ) തിരുവനന്തപുരം സംഗീത കോളജിലെ അധ്യാപികയായിരുന്ന ശാന്തയാണ് അമ്മ. സഹോദരി മീര, യൂണിവേഴ്സിറ്റി കോളജിലെ സഹപാഠിയായിരുന്ന ലക്ഷിയാണ് ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. പാട്ടിൻറെ പാലാഴി എന്ന സിനിമയിൽ ശ്രീ ഹരി എന്ന കഥാപാത്രമായി വെള്ളിത്തിരയിലും എത്തിയിട്ടുണ്ട് ബാലഭാസ്കർ.
മലയാള സംഗീതത്തിന് ഇനിയും ഒരുപാട് സംഭാവനകൾ നൽകേണ്ട ഒരു മഹാനായ കലാകാരനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. സൗഹൃദങ്ങളെ എന്നും കൂടെ കൊണ്ടു നടക്കുന്ന ബാലുവെന്ന പ്രിയപ്പെട്ടവന്റെ വേർപാട് ഉൾക്കൊള്ളനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് സുഹൃത്തുക്കൾ. ഇല്ല മായില്ല, ബാലുവെന്ന സംഗീത മഴവില്ല് ഒരിക്കലും മലയാളിയുടെ മനസിൽ നിന്ന്. അത്രയ്ക്കുണ്ട് ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളിയ്ക്ക് സമർപ്പിച്ച ആ സംഗീത അനുഭവം.