തന്റെ ആദ്യ ചിത്രത്തിലെ നായികയെ ഓർമിച്ച് നടനും സംവിധായകനും തിരക്കഥകൃത്തുമായ ബാലചന്ദ്രമേനോൻ. ഉത്രാടരാത്രി എന്ന സിനിമയിലെ നായിക ശോഭയെക്കുറിച്ചുള്ള ഓർമകളാണ് ബാലചന്ദ്രമേനോൻ പങ്കുവച്ചത്. ഒപ്പം ശോഭയറിയാതെ ശോഭയെ സ്നേഹിച്ചിരുന്ന ഒരാളെയും ബാലചന്ദ്രമേനോൻ വെളിപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സ്റ്റാർ ഹോട്ടലിലെ ഉണ് അല്ല , മറിച്ചു ഇലയിൽ വിളമ്പിയ പുന്നെല്ലിന്റെ ചോറിൽ തൈരു ഒഴിച്ച് കാന്താരി മുളക് ‘ഞെവടി ‘ കഴിക്കുന്ന സുഖമാണ് കെ.പി.എ .സി ലളിതയുടെ ‘കുണുക്കമുള്ള’ സംസാരം കേൾക്കാൻ എന്ന് ഞാൻ പണ്ടു പറഞ്ഞത് ഓർത്തു പോകുന്നു…… എന്നാൽ ആ ‘കുണുക്കം’ ആദ്യം കേട്ടത് “ഉത്രാടരാത്രി ” എന്ന എന്റെ ആദ്യ ചിത്ര നായിക ശോഭയിൽ നിന്നാണ് .
കേൾക്കാൻ ഇമ്പമുള്ള “പിണക്കവും കുണുക്കവും ….’ ചന്നം പിന്നം പെയ്യുന്ന മഴ നനഞ്ഞു മദിരാശി അരുണാചലം സ്റ്റുഡിയോയിൽ അവൾ എന്റെ റെക്കോർഡിങ്ങിനു വന്നത് ഇന്നലെ എന്ന പോലെ ….
ശങ്കരാടി ചേട്ടനാണ് എന്നാണ് എന്റെ ഓർമ്മ , ശോഭയുടെ ദേഹവിയോഗം “ഇഷ്ട്ടമാണ് പക്ഷെ ” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സെറ്റിൽ അറിയിച്ചത് . അതും ഇന്നലെ എന്ന പോലെ ……നീണ്ട നാല്പത്തിയൊന്നു വർഷങ്ങൾ …
പക്ഷെ ഒന്നുണ്ട് ..നീ എന്റെ ആദ്യ നായികയാണ് .. അതു കൊണ്ട് തന്നെ നീ എനിക്ക് പ്രിയപ്പെട്ടവളാണ് …. ഉത്രാടരാത്രിക്കായി വാണിജയറാം പാടിയ “മഞ്ഞു പൊഴിയുന്നു. മാമരം കോച്ചുന്നു ..” എന്ന ബിച്ചു തിരുമല എഴുതിയ വരികൾ കേട്ട് കണ്ണു അറിയാതെ ഒന്നടച്ചു പോയാൽ നിന്റെ ‘ പിണക്കവും കുണുക്കവും ‘ എനിക്കു സ്വന്തം ..!
എല്ലാം കഴിഞ്ഞുവെങ്കിലും ഒരു കാര്യം കൂടി പറയാതെ വയ്യ …നിന്നെ നീ അറിയാതെ സ്നേഹിച്ചിരുന്ന ആരാധിച്ചിരുന്ന ഒരാൾ കൂടി “ഉത്രാടരാത്രിയി”ൽ ഉണ്ടായിരുന്നു. രവിമേനോൻ.
ഒരു അഭിനേത്രി എന്ന നിലയിൽ ഒരുപാട് , രവിമേനോനെപ്പോലെ തന്നെ ഈ ലോകം നിന്നിൽ നിന്നും പ്രതീക്ഷിച്ചു. നിന്നെപ്പറ്റി പറയുമ്പോഴെല്ലാം അയാൾക്ക് ആയിരം നാവായിരുന്നു.
തനിക്കു ഷൂട്ട് ഇല്ലെങ്കിലും നീ അഭിനയിക്കുന്ന രംഗങ്ങൾ കാണാൻ രവി എനിക്ക് കമ്പനി തരുന്നു എന്ന വ്യാജേന സെറ്റിൽ ഊണും ഉറക്കവും കളഞ്ഞു കാത്തിത്തിരിക്കുമായിരുന്നു. രവിയും പോയി…..
ഒരിക്കൽ ഞാൻ മുഖത്തടിച്ചതുപോലെ ചോദിച്ചു : ” സത്യം പറ രവി ….നിങ്ങൾക്ക് ശോഭയെ അത്രക്കുമിഷ്ടമാണോ?” ഒരു സെക്കന്റ് ആലോചിക്കാതെ രവി പറഞ്ഞു .”ഇഷ്ട്ടമാണ് ബാലൂ …പക്ഷേ …”ആ’ പക്ഷേയിൽ ‘ എല്ലാം ഉണ്ട് …