പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ നിറയെ. ആദിയില്‍ പ്രണവ് കാഴ്ച വച്ചിരിക്കുന്നത് അസാമാന്യ പ്രകടനമാണെന്നും പ്രത്യേകിച്ച് പ്രണവിന്റെ പാര്‍കൗര്‍ പ്രകടനം അതിഗംഭീരമായെന്നും പലരും അഭിപ്രായപ്പെടുകയുണ്ടായി. സിനിമാ മേഖലയിലെ പ്രമുഖരില്‍ നല്ലൊരുശതമാനം ആളുകള്‍ വിവിധ അവസരങ്ങളില്‍ പ്രണവിലെ അഭിനേതാവിനെ വിലയിരുത്തി സംസാരിക്കുകയുണ്ടായി. നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ബാലചന്ദ്രമേനോനാണ് ഇപ്പോള്‍ പ്രണവിനെക്കുറിച്ചുള്ള തന്റെ ചില പഴയകാല സ്മരണകള്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അത്. ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഈ ഫോട്ടോക്ക് ഈ നിമിഷം വാര്‍ത്താ പ്രാധാന്യം വന്നിരിക്കുന്നു…നടികര്‍ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലില്‍ ‘തായ്ക്കു ഒരു താലാട്ട്’ എന്ന ഒരു ചിത്രം ഞാന്‍ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേര്‍ക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുട. ഒരു ‘പൈങ്കിളി കഥയുടെ’ തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഞാന്‍ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോള്‍ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്.
ഞാന്‍ അവിടെ ചെല്ലുമ്പോള്‍ സാക്ഷാല്‍ ശിവാജി ഗണേശന് ചമ്രം പടിഞ്ഞു ബെഡില്‍. ആ മുറിയില്‍ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാന്‍ അറിഞ്ഞത് മോഹന്‍ലാലിന്റെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്. വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോള്‍ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..
രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചന് മലയാളികളുടെ മനസ്സില്‍ ചേക്കേറിയിരിക്കുന്നു…അതെ… പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ ‘ ആദി ‘ പ്രദര്‍ശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു …അഭിനന്ദനങ്ങള്‍! പ്രണവിനും മോഹന്‍ലാലിനും ജിത്തുജോസഫിനും…that’s ALL your honour!