നല്ല നടനായി സംഘാടകര്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു, എനിക്ക് പെട്ടന്ന് വിഷമം തോന്നി! 1997 ലെ ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ട സ്വന്തം അനുഭവം പങ്കുവച്ച്, വിവാദ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബാലചന്ദ്രമേനോന്‍

65 ാമത് ദേശീയ അവാര്‍ഡ് പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട വാക്‌പ്പോരാണ് ഇപ്പോള്‍ ‘സാംസ്‌കാരിക’ കേരളത്തില്‍ ഒന്നാകെ നടന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഒരുകൂട്ടം അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിച്ചത് മോശമായിപ്പോയി എന്ന് ഒരുകൂട്ടര്‍ കുറ്റപ്പെടുത്തുമ്പോള്‍ അവരെ അഭിനന്ദിക്കുകയാണ് മറ്റൊരു കൂട്ടര്‍.

സിനിമയ്ക്കകത്തും പുറത്തുമുള്ള ധാരാളം ആളുകള്‍ പ്രസ്തുത വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം വെളിപ്പെടുത്തി രംഗത്തെത്തുകയുണ്ടായി. നടനും സംവിധായകനും തിരക്കഥാകൃത്തും നിരവധി തവണ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള വ്യക്തിയുമായ ബാലചന്ദ്രമേനോനും തനിക്ക് പറയാനുള്ളത് വ്യക്തമാക്കുകയുണ്ടായി.

പുരസ്‌കാര വിതരണ സായാഹ്നം ഇത്തരത്തില്‍ പര്യവസാനിച്ചത് അത്യന്തം ഖേദകരമായിപ്പോയി എന്ന് അഭിപ്രായപ്പെട്ട അദ്ദേഹം 1997 ല്‍ മികച്ച നടനുള്ള പുരസ്‌കാരം തനിക്ക് ലഭിച്ചപ്പോഴുണ്ടായ ഒരനുഭവവും പങ്കുവയ്ക്കുകയുണ്ടായി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാലചന്ദ്രമേനോന്‍ തന്റെ അഭിപ്രായവും അനുഭവവും വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…

65 മത് ദേശീയപുരസ്‌ക്കാര വിതരണ സായാഹ്നം ഇത്തരത്തില്‍ പര്യവസാനിച്ചതു അത്യന്തം ഖേദകരമായിപ്പോയി എന്ന് ഞാന്‍ കരുതുന്നു. ഇതു ആരുടേയും പക്ഷം പിടിക്കാനുള്ള ശ്രമമല്ല . മറിച്ചു ഞാന്‍ എന്നോടുള്ള നീതി പുലര്‍ത്തുകയാണ് .

രാഷ്ട്രപതി എന്നാല്‍ സര്‍വ്വസൈന്യാധിപനും ഭരണഘടനയുടെ അമരക്കാരനുമാണ് . ഒരു രീതിയിലും ഒരു വിവാദത്തിനും വിധേയമാക്കാന്‍ പാടില്ലാത്ത ശ്രേഷ്ട പദവി . .അദ്ദേഹം വിതരണം ചെയ്യും എന്ന് വിളംബരം ചെയ്ത അവാര്‍ഡുകള്‍ വാര്‍ത്താവിതരണ മന്ത്രി ഭാഗികമായി നല്‍കുന്നതില്‍ പ്രതിഷേധിച്ചു സംഘം ചേര്‍ന്ന് ആ ചടങ്ങു ബഹിഷ്‌ക്കരിച്ച നടപടിയെ എത്ര തന്നെ ശ്രമിച്ചിട്ടും എനിക്ക് ന്യായീകരിക്കാന്‍ കഴിയുന്നില്ല പ്രധാനമന്ത്രിയോടാണ് ഇത് കാണിച്ചിരുന്നെങ്കില്‍ അതിനെ രാഷ്ട്രീയമായ ഒരു നീക്കം എന്ന നിലയില്‍ കരുതാം . എന്നാല്‍ രാഷ്ട്രപതിയുടെ മഹത്വം നിസ്സാരവല്‍ക്കരിച്ച ഈ പ്രതികരണം എത്ര കണ്ടു സ്വീകാര്യമായി കാണാം എന്ന് പുനര്ചിന്തനം നടത്തേണ്ടതുണ്ട്

രാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് നേരിട്ട് വാങ്ങാനുള്ള ഓരോ ജേതാവിന്റെയും ആഗ്രഹത്തെയോ അഭിനിവേശത്തെയോ ഞാന്‍ ഒട്ടും കുറച്ചു കാണുന്നില്ല . അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ദേശീയ ബഹുമതി അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാന്‍ കഴിയാതെ വന്ന സാഹചര്യം ഓര്‍ക്കുമ്പോള്‍ ദൗര്ഭാഗ്യമെന്നേ പറയാനൊക്കു .അതും ആദ്യമായി ഈ അവസരം കൈ വന്ന കലാകാരന്മാര്‍ക്ക് ഉണ്ടാകുന്ന നിരാശ ഏവര്‍ക്കും ഊഹിക്കാവുന്നതേയുള്ളു

ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ . കിട്ടിയത് ദേശീയ പുരസ്‌കാരമാണ് . അതെപ്പോഴും സംഭവിക്കുന്നതല്ല . പുരസ്‌കാരത്തിനാണോ അതോ അത് നല്‍കുന്ന ആളിനാണോ നാം മുന്‍തൂക്കം കൊടുക്കുന്നത് എന്നതാണ് പ്രശ്‌നം ആര് നല്‍കിയാലും ദേശീയ ബഹുമതിയുടെ മാറ്റ് കുറയുന്നില്ല എന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ അപ്രിയമായ ഈ ‘വിളമ്പിയ പന്തിയില്‍ നിന്ന് പാതി എഴുനേറ്റു പോയ ‘ അഭംഗി ഒഴിവാക്കാമായിരുന്നു എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനെ കുറ്റം പറയാനാവില്ല .നാം കലാകാരന്മാര്‍ എന്ന നിലയില്‍ ഒരു പക്ഷെ വികാരപരമായ ഒരു നടപടിക്ക് വിധേയമായതാവാം എന്ന് ഞാന്‍ കരുതുന്നു

‘ ഇതൊക്കെ എഴുതിപ്പിടിപ്പിയ്ക്കാന്‍ ആര്‍ക്കും പറ്റും . എന്നാല്‍ ഇങ്ങനെ ഒരു അനുഭവം സ്വന്തം ജീവിതത്തില്‍ ഉണ്ടാകുമ്പോഴേ അതിന്റെ ദെണ്ണം അറിയൂ ‘ എന്നാര്‍ക്കെങ്കിലും തോന്നുന്നു എങ്കില്‍ ആ ധാരണ മാറ്റാന്‍ വേണ്ടി ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ട ഒരു അനുഭവം ഒന്നു ഷെയര്‍ ചെയ്യാം .

1997 ല്‍ ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം സമാന്തരങ്ങള്‍ എന്ന ചിത്രത്തിന് വേണ്ടി ഞാനും കളിയാട്ടം എന്ന ചിത്രത്തിന് വേണ്ടി എന്റെ സുഹൃത്ത് സുരേഷ് ഗോപിയുമാണ് പങ്കിട്ടത് . ഇങ്ങനെ വരുമ്പോള്‍ ആര് ആദ്യം രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാവാം അതിനായി സര്‍ക്കാര്‍ രണ്ടു പരിഗണകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഒന്ന് ‘സീനിയോറിറ്റി’ അല്ലെങ്കില്‍ , അക്ഷരമാലാ ക്രമത്തില്‍ ആരുടെ പേരാണ് ആദ്യം വരിക . രണ്ടായാലും അര്‍ഹത എനിക്ക് തന്നെ . എന്നാല്‍ അവാര്‍ഡിന് തലേദിവസത്തെ റിഹേഴ്‌സല്‍ സമയത്തു നല്ല നടന്റെ പേര് സംഘാടകര്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു . എനിക്ക് പെട്ടന്ന് വിഷമം തോന്നി. ( ഫെസ്റ്റിവല്‍ ഡയറക്ടര്‍ മാലതി സഹായിയും ശങ്കര്‍ മോഹനുമായിരുന്നു ചുമതലക്കാര്‍) . അവകാശങ്ങള്‍ക്കു വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തണമെന്നും പരസ്യമായി പൊരുതണം എന്നും ഉപദേശം തരാന്‍ പതിവുപോലെ അന്നും ‘കുറേപ്പേര്‍” ഉണ്ടായിരുന്നു .

എന്നാല്‍ ഒരു നിമിഷം ഞാന്‍ ഒന്നാലോചിച്ചു . സുരേഷ് ഗോപിയുടെ പേര് വിളിക്കുമ്പോള്‍ ഞാന്‍ ചെന്ന് അധികൃതരുടെ ചെവിയില്‍ കുശുകുശുത്താല്‍ , ആ ‘കുശുകുശുപ്പിന്റെ’ ‘ ഉള്ളടക്കം അറിഞ്ഞാല്‍ അടുത്ത ദിവസത്തെ പത്രത്തില്‍ വരുന്ന വൃത്തികെട്ട വാര്‍ത്ത ആ മനോഹരമായ മുഹൂര്‍ത്തത്തിന്റെ ശോഭ കെടുത്തും .

അത് കലാകേരളത്തിന്റെ ചാരുത ഇല്ലാതാക്കും അതുകൊണ്ടാണ് എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാന്‍’ ട്രേഡ് യൂണിയനിസം’ കളിക്കാതിരുന്നത് . സുരേഷ് ഗോപി തന്നെ ആദ്യം അവാര്‍ഡു വാങ്ങുകയും ചെയ്തു . ഞാന്‍ പിന്നീട് സുരേഷിനെ ഫോണില്‍ വിളിച്ചു രണ്ടു പേര് ബഹുമതി പങ്കിടുമ്പോള്‍ ഉള്ള നിബന്ധനകള്‍ സൂചിപ്പിക്കുകയും ചെയ്തു .

അവിടം കൊണ്ടും തീര്‍ന്നില്ല . കേന്ദ്രത്തില്‍ ഏറ്റവും നല്ല നടനായ ഞാന്‍ കേരളത്തില്‍ വന്നപ്പോള്‍ നല്ല നടനല്ലാതായി. ആ ആഴ്ച പുറത്തിറങ്ങിയ ഇന്ത്യ ടുഡേ ‘ ഇന്ത്യയിലെ നല്ല നടന്‍’ എന്ന കവര്‍ ചിത്രം പുറത്തിറക്കിയത് ഞാന്‍ ഇല്ലാതാണ് കാരണം ഇന്നും അജ്ഞാതം . ആധുനിക പത്രപ്രവര്‍ത്തനാമാണമെന്നു ഞാന്‍ സമാധാനിച്ചു ..അതൊക്കെയാണ് പ്രബുദ്ധ കേരളത്തിലും കാലങ്ങളായി നടന്നുവരുന്നതെന്നുകൂടി ഓര്‍ക്കുക…

അത് കൊണ്ടാവാം ഇങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടായപ്പോള്‍ എന്റെ കാഴ്ചപ്പാട് ഒന്ന് പങ്കിടാമെന്നു കരുതിയത് …that’s ALL your honour !.

Related posts