കൊല്ലം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ രാഷ്ട്രീയ നിലപാടെടുക്കുന്ന വേദിയാക്കിമാറ്റാന്‍ നടത്തുന്ന നീക്കം അനുചിതമാണെന്ന് ബാലചന്ദ്രമേനോന്. ദിലീപിനെതിരെയുള്ളത് ശരിക്കും ലാ ആന്റ് ഓര്‍ഡര്‍ പ്രശ്നമാണ്. കുറ്റാരോപിതനായ ഒരാള്‍ കോടതികുറ്റക്കാരനാണെന്ന് പറയുന്നതുവരെ ശിക്ഷിക്കപ്പെടാനോ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടാനോ പാടില്ല.
ഇതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ചാനലില്‍ കുത്തിയിരുന്ന് അഭിപ്രായങ്ങള്‍ വിളമ്പുന്നത് കോമാളിത്തമാണെന്നും അമ്മയെന്ന പേരിടാന്‍ കൈപൊക്കിയ സ്ഥാപകഅംഗം കൂടിയായ ബാലചന്ദ്രമേനോന് ചൂണ്ടിക്കാട്ടി. ബാലചന്ദ്രമേനോന്റെആദ്യ സിനിമയായ ഉത്രാടരാത്രിയുടെ നാല്‍പ്പത്തി ഒന്നാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന എന്നാലും ശരത് എന്ന ചിത്രത്തെക്കുറിച്ച് കൊല്ലം പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രപ്രവര്‍ത്തക മേഖലയാണ് തനിക്ക് അടിത്തറ രൂപപ്പെടുത്തി തന്നത്. കോമേഷ്സ്യല് പ്രവണത ഒരു കാലത്തും ഉള്‍ക്കൊണ്ടിട്ടില്ല. താന്‍ പ്രവര്‍ത്തിച്ചുവന്ന കര്‍മ്മപഥത്തില്‍ ഒന്നും പണയപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാന്‍സ് സംവിധാനത്തോട് താല്പര്യമില്ല. പ്രമുഖ നടന്മാര്ക്കുള്ളതുപോലെ ആദ്യ ഫാന്‍സ് തനിക്കുമുണ്ടായിരുന്നു. ന്യൂജെന്‍ സിനിമയെക്കുറിച്ച് താന്‍ മുമ്പ് പറഞ്ഞത് വളച്ചൊടിക്കരുത്.
കക്കൂസില്‍ വേണ്ടത് തീന്മേശയിലാവരുതെന്നാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. മടിയില്‍ കനമില്ലാത്ത തന്നെ മെതിക്കാന്‍ ആര്‍ക്കും നിന്നുകൊടുത്തിട്ടില്ല. അവാര്‍ഡിന്റെ പേരില്‍ അവകാശമുന്നയിക്കുന്നത് ശരിയല്ല. സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോടെ പിള്ളേരുടെ പിറകെ ഓടിയാലെ സിനിമ വിജയിക്കൂയെന്ന സ്ഥിതിയാണുള്ളത്.
അത് തികച്ചും ഉൾക്കൊണ്ടാണ് പുതിയ സിനിമ ഒരുക്കിയിരിക്കുന്നത്. കലാ സമൂഹം തനിക്കുതന്ന നിസീമ പിന്തുണയാണ് സംവിധായകന് തുടങ്ങീ എല്ലാ മേഖലയിലും വെന്നിക്കൊടി പാറിക്കാന്‍ സഹായിച്ചതെന്നും മേനോന് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന് ഇലങ്കത്ത് അധ്യക്ഷനായി. പ്രസ് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് ബാലചന്ദ്രമേനോന് സമ്മാനിച്ചു. സെക്രട്ടറി ജി. ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് പി.ആർ. ദീപ്തി നന്ദിയും പറഞ്ഞു.