ലിജിൻ കെ. ഈപ്പൻ
അരങ്ങിൽ കളി തീർന്നു പിന്തിരിയുന്ന നടനെ പോലെ കാലത്തിന്റെ ചുവരിൽ ബാലേട്ടൻ എന്നു കൈയൊപ്പു പതിപ്പിച്ച് പി. ബാലചന്ദ്രൻ യാത്രയായി.
മലയാള സിനിമാ ലോകത്തിനും നാടകവേദിക്കും ശൂന്യത സൃഷ്ടിച്ച് ഇനിയൊരു പാത്രാവിഷ്കാരത്തിനു അവസരമില്ലാതെയുള്ള യാത്ര.
‘മനുഷ്യന്റെയുൾത്തടത്തിലെ വികാര വിചാര പരിണാമങ്ങളാണു കലകളുടെ കാന്പ്. നാടകത്തിലും സിനിമയിലും ആ ഉൾത്തടങ്ങളെയാണ് ഞാൻ സൃഷ്ടിച്ചത്’’- പി. ബാലചന്ദ്രൻ ഒരിക്കൽ പറഞ്ഞു.
നാടകത്തിന്റെ അനുഭവ പൈതൃകം നെഞ്ചോടു ചേർത്താണ് തിരക്കഥാകൃത്തായും നടനായും സംവിധായകനായും പി. ബാലചന്ദ്രൻ എന്ന വിലാസം അദ്ദേഹം കുറിച്ചിട്ടത്.
എഴുത്തും കലയും
കായൽതീരങ്ങളുള്ള ശാസ്താംകോട്ടയിലെ നാട്ടിൻപുറത്ത് കലാപാരന്പര്യം എടുത്തുപറയത്തക്കവിധമുള്ള ചുറ്റുപാട് ഒന്നുമില്ലാത്തിടത്തു നിന്നുമാണ് ബാലചന്ദ്രന്റെ തുടക്കം. നാടകത്തിലെ ’മികച്ച നടി’യെന്ന വിശേഷണത്തോടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം.
ക്ലാസിൽ തല്ലു കിട്ടാതിരിക്കാനാണ് ബാലചന്ദ്രൻ അധ്യാപകരുടെ നാടകത്തിൽ അഭിനയിച്ചു തുടങ്ങുന്നത്.
അക്കാലത്ത് സ്കൂളിൽ നാടകം കാണാനെത്തിയ നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയുമായുള്ള പരിചയമാണ് ജീവിതത്തിനു പുതിയ ദിശാബോധം നൽകിയത്.
വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു താമസി എന്ന നാടകം കോളജ് പഠന കാലത്ത് എഴുതുന്നത്.
പ്രമുഖ വാരികയുടെ വിഷുപ്പതിപ്പിലെ നാടക മത്സരത്തിന് അയച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്റെ നാടകത്തിനാണ് ഒന്നാം സമ്മാനമെന്ന അറിയിപ്പ് ലഭിച്ചു.
എം.ടി. വാസുദേവൻ നായരുടെ കൈപ്പടയിലുള്ള കത്തു നൽകിയ ആനന്ദവും നാടകം അച്ചടിച്ചു വന്ന മാസിക പലകുറി മറിച്ചും തിരിച്ചും മണത്തും നോക്കിയപ്പോൾ ലഭിച്ച സംതൃപ്തിയും പിന്നീടൊരു കൃതി അച്ചടിച്ചു വന്നപ്പോഴും അനുഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി.
ബാലേട്ടനും താടിയും
സ്കൂൾ ഓഫ് ഡ്രാമയിൽ ബാച്ച്മേറ്റ്സായിരുന്ന സംവിധായകൻ ശ്യാമപ്രസാദ്, നിർമാതാവായിരുന്ന വിന്ധ്യൻ അടക്കമുള്ളവർ നൽകിയ വിളിപ്പേരാണ് ബാലേട്ടൻ എന്നത്.
പിന്നീട് സുഹൃത്തുക്കളും സഹപ്രവർത്തകരും ചെറുപ്പക്കാർ വരെ ആ വിളിപ്പേര് ഏറ്റെടുക്കുകയായിരുന്നു. ബാലേട്ടൻ എന്ന വിളിയിൽ ഒരു സ്നേഹവും പ്രണയവും തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പഠിപ്പിച്ചിരുന്ന സമയത്തും സർ വിളി അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. ക്ലാസിലിരുന്നവരും നാടക-സിനിമാ വേദികളിലെ സഹപ്രവർത്തകരുമെല്ലാം പിന്നീട് ബാലേട്ടാ… എന്ന വിളിയോടെ ശിഷ്യരായി തീർന്നു.
മേൽവിലാസം നൽകി സിനിമ
ഫിലിം സൊസൈറ്റികളിലെ ലോക സിനിമകളാണ് ആസ്വാദനത്തിൽ ബാലചന്ദ്രനെ പ്രലോഭിപ്പിച്ചിട്ടുള്ളത്. നടൻ ജഗദീഷിന്റെ കഥയ്ക്കു മമ്മൂട്ടിയ്ക്കു വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതുന്നത്.
ആ പ്രോജക്ട് നടന്നില്ല. പിന്നീട് നവോദയ്ക്കുവേണ്ടി രാജീവ് അഞ്ചലിനു സംവിധാനം ചെയ്യാൻ ഒരു തിരക്കഥ എഴുതി.
തിരക്കഥ പൂർത്തിയായ സമയത്താണ് ഫാസിലിന്റെ മണിവത്തൂരിലെ ആയിരം ശിവരാത്രികൾ റിലീസാകുന്നത്. രണ്ടു കഥയ്ക്കും സാമ്യം.
ആ ചിത്രവും നടന്നില്ല. ഇനി സിനിമയിലേക്കില്ല എന്ന തീരുമാനത്തോടെ അധ്യാപനവൃത്തിയിലായിരിക്കുന്പോഴാണ് ടി.കെ. രാജീവ് കുമാർ ഒരു യക്ഷിയെ കഥാപാത്രമാക്കി സിനിമ എഴുതാൻ ആവശ്യപ്പെടുന്നത്.
ആ തിരക്കഥയും പൂർത്തിയായി വന്നപ്പോഴാണ് പത്മരാജൻ ഞാൻ ഗന്ധർവൻ വിളംബരം ചെയ്യുന്നത്. അങ്ങനെ തിരക്കഥകൾ എഴുതിയ ചിത്രങ്ങളോരോന്നും മുടങ്ങി.
പക്ഷേ, തുടർച്ചയായി സിനിമകൾ മുടങ്ങിയപ്പോൾ വാശിയാണ് തോന്നിയത്. ആ സമയത്താണ് ഭദ്രനുവേണ്ടി അങ്കിൾ ബണ്ണിന്റെ തിരക്കഥ എഴുതാൻ അവസരം ലഭിച്ചു.
പിന്നീട് തിരക്കഥാകൃത്ത് എന്ന ഒഴുക്കിലേക്കെത്തിയപ്പോൾ ഉള്ളടക്കവും പവിത്രവും അഗ്നിദേവനും തച്ചോളി വർഗീസ് ചേകവരുമൊക്കെയായി ഒരുപിടി മികച്ച സിനിമകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവികൊണ്ടത്.
പുനരധിവാസം, കമ്മട്ടിപ്പാടം, ഇടയക്കാട് ബറ്റാലിയൻ വരെയുള്ള സിനിമകൾ തിരശീലയിലെത്തി.
എന്നാൽ, ആദ്യം നടക്കാതെ പോയ സിനിമകളുടെ നൈസർഗിക എഴുത്തോ സംതൃപ്തിയോ പിന്നീട് പുറത്തു വന്ന സിനിമകളൊന്നും തന്നിട്ടില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
നടനായും തെളിഞ്ഞ്
പഠനസമയത്തെ ക്യാന്പിന്റെ ഭാഗമായി ഹരിയാനയിൽ ചെന്ന സമയത്താണ് അവിടെ ആറ്റൻബറോയുടെ ഗാന്ധിയുടെ ഷൂട്ടിംഗ് നടക്കുന്നതിറിഞ്ഞത്.
പിറ്റേന്ന് നടീനടന്മാർക്കൊപ്പം ഒരാളായി ലൊക്കേഷനിലെത്തി. പുരുഷാരത്തിൽ ഒരാളായി ബാലചന്ദ്രനും അഭിനയിച്ചു.
അഗ്നിദേവനിലൂടെ സഹോദര തുല്യനായ വേണു നാഗവള്ളിയാണ് ബാലചന്ദ്രനെ വെള്ളിത്തിരയിലേക്കു കൈപിടിച്ചു കയറ്റിയത്.
വക്കാലത്തു നാരായണൻകുട്ടി, ശേഷം, ഇവർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും വിരമിച്ചതിനു ശേഷമാണ് അഭിനയ രംഗത്ത് കൂടുതൽ സജീവമായത്.
ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഇമ്മാനുവേൽ, കടൽ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം, മംഗ്ലീഷ്, ഈട, സഖാവ് തുടങ്ങിയ ചിത്രങ്ങളിലെ ഒരുപിടി ശക്തമായ വേഷങ്ങൾ.
ഈ കാലയളവിൽ മമ്മൂട്ടിയുടെ പല സിനിമകളിലും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം തനിക്കായി കഥാപാത്രങ്ങളെ സംവിധായകൻ മാറ്റിവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ആ സൗഹൃദത്തിന്റെ ബാക്കിപത്രം പോലെ ബാലചന്ദ്രൻ എന്ന നടനെ അവസാനമായി പ്രേക്ഷകർ ബിഗ്സ്ക്രീനിൽ കണ്ടതും മമ്മൂട്ടിയുടെ തന്നെ പോയ വാരം തിയറ്ററിലെത്തിയ വണ്ണിലൂടെയാണ്.