കോഴിക്കോട്: കാലിക്കട്ട് റോട്ടറി ക്ലബ് സൈബര്‍ സിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച മോട്ടിവേഷന്‍ പരിപാടിയില്‍ അസഭ്യം നിറഞ്ഞ പ്രസംഗം നടത്തിയതിനാല്‍ ശ്രോതാക്കള്‍ ഓടിച്ചുവിട്ട ബിസിനസ് മോട്ടിവേറ്റര്‍ അനില്‍ രാധകൃഷ്ണന് ഒന്നര മണിക്കൂര്‍ നേരത്തെ ക്ലാസിന് ഫീസ് നാലുലക്ഷം രൂപയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസ സൗസകര്യവും.
അതേസമയം, മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ പ്രഭാഷണത്തിന് കേവലം 2400 രൂപ മാത്രം. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി.ടി. ബല്‍റാം ഇക്കാര്യം ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റ് വൈറലായി. ലക്ഷങ്ങള്‍ പ്രതിഫലം കൈപ്പറ്റി അനില്‍ ബാലചന്ദ്രന് നടത്തിയ അസഭ്യ വര്‍ഷത്തെ, തനിക്ക് കൃത്യമായി വണ്ടിക്കൂലി പോലും നല്‍കാതെ അപമാനിച്ചുവെന്നുള്ള ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെടുത്തിയാണ് വി.ടി. ബല്‍റാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. അനില്‍ ബാലചന്ദ്രനെ പോലെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ബല്‍റാം പങ്കുവച്ചത്.
എരഞ്ഞിപ്പാലത്ത കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കഴിഞ്ഞശനിയാഴ്ച റോട്ടറി ക്ലബ് സൈബര്‍ സിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് അനിലിന്റെ വിവാദ പ്രസംഗം നടന്നത്. മിനി ബൈപാസില്‍ സരോവരത്തെ സ്റ്റാര്‍ ഹോട്ടലായ ട്രൈപ്പന്ഡയിലാണ് സംഘാടകര്‍ ഇയാള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ക്ലാസിനുള്ള ഫീസായ നാലു ലക്ഷം രൂപ നേരത്തെ അയച്ചുകൊടുത്തിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പരിപാടി വച്ചിരുന്നതെങ്കിലും ശ്രോതാക്കള്‍ കുറവാണെന്ന് പറഞ്ഞ് ഇയാൾ മുറിയില്‍ ഇരിക്കുകയായിരുന്നു.
കടുത്ത സമ്മര്‍ദത്തിന് ഒടുവിലാണ് പരിപാടിക്ക് എത്തിയത്. മോട്ടിവേഷനു പകരം ബിസിനസുകാരെ തെറി വിളിക്കുന്നതായിരുന്നു ക്ളാസ്. പ്രസംഗത്തിനിടെ തുടരെ തുടരെ ബിസിനസുകാരെ ‘തെണ്ടികള്’ എന്നു വിളിച്ചതോടെ സദസിലുണ്ടായിരുന്ന ബിസിനസുകാള് തന്നെ പ്രതിഷേധവുമായി രംഗത്തെത്തി.
വാക്കേറ്റത്തിനൊടുവിൽ സ്റ്റേജില്‍നിന്ന് ഇറക്കിവിട്ടു. കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനില്‍ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് നാലു ലക്ഷം രൂപ പ്രതിഫലം കിട്ടുമ്പോള്‍ ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടെയും പിന്‍ബലത്തില്‍ രണ്ടു മണിക്കൂര്‍ പ്രഭാഷണം നടത്തിയ ബാലചന്ദ്രന് ചുള്ളിക്കാടിന് 2400 രൂപ പ്രതിഫലം നല്കിയ സാഹചര്യം ഉണ്ടായതില്‍ കേരളം ആശങ്കപ്പെടണമെന്ന് ബല്‍റാം പോസ്റ്റില്‍ പറയുന്നു.
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര സാഹിത്യോത്സവത്തില്‍ കുമാരനാശാനെക്കുറിച്ചുള്ള രണ്ടര മണിക്കൂര്‍ നീണ്ട പ്രഭാഷണത്തിനാണു ബാലചന്ദ്രന് ചുള്ളിക്കാടിന് യാത്രാബത്ത അടക്കം പ്രതിഫലമായി 2400 രൂപ മാത്രം നല്‍കിയത്.