കരൂപ്പടന്ന: വായന മനുഷ്യനെ സംസ്കാര സന്പന്നനാക്കുന്നുവെന്ന് പ്രശസ്ത നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1991 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ ഹയർ സെക്കൻഡറി വിഭാഗത്തിനായി ഒരുക്കിയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഗീയത ഇല്ലാതാക്കാനും സമാധാനം നിലനിർത്താനും ജനാധിപത്യ മതേതര കാഴ്ചപ്പാട് ഉണ്ടാക്കാനും വായന മുഖ്യ പങ്കുവഹിക്കുമെന്നും പുതുതലമുറയെ വായിപ്പിച്ചു വളർത്തണമെന്നും ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് അയ്യൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് താക്കോൽദാനം നിർവഹിച്ചു. ബക്കർ മേത്തല മുഖ്യപ്രഭാഷണം നടത്തി. കവയിത്രിയും അധ്യാപികയുമായ മഞ്ജുള കവിതാലാപനം നടത്തി. ഡോ. ഷംല ഷെഫീക്ക്, പ്രിൻസിപ്പൽ ടി.കെ. ജമീല, ഗ്രാമപഞ്ചായത്തംഗം ആമിനാബി, പിടിഎ പ്രസിഡന്റ് ഷൈല സഹീർ, പികഐം അഷറഫ്, ഇ.കെ. അബൂബക്കർ, നിത മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
ഒരേസമയം നൂറു കുട്ടികൾക്ക് ഇരുന്ന് പുസ്തകങ്ങൾ വായിക്കാനും റഫറൻസ് ചെയ്യാനുമുള്ള വിപുലമായ സൗകര്യം രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ച് ഒരുക്കിയ ലൈബ്രറിയിലുണ്ട്. ജനപങ്കാളിത്തത്തോടെ സർക്കാർ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തുന്ന കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1991 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ ഒരുക്കിയ ഈ സംരംഭം മാതൃകാപരമാണ്.