തിരുവനന്തപുരം: പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പരാതിക്കാരിയായ യുവതി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ബാലചന്ദ്രകുമാർ സ്വാധീനമുള്ളയാളാണെന്നും കേസ് പിൻവലിപ്പിക്കാൻ ശ്രമിക്കുന്നെന്നും അപായപ്പെടുത്താൻ ഇടയുണ്ടെന്നും പരാതിയിൽ പറയുന്നു.
ഹൈക്കോടതിയിലെ ജാമ്യഹർജി ബാലചന്ദ്രകുമാർ പിൻവലിച്ചിരുന്നു. മറ്റൊരു കോടതിയിൽ ജാമ്യഹർജി നൽകിയതുമില്ല.
വാറണ്ടുണ്ടായിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കുന്നില്ല. പ്രതിയുടെ സുഹൃത്ത് ചാനലുകളിലൂടെ നിരന്തരം അപമാനിക്കുന്നു.
പോലീസിന്റെ അനാസ്ഥയും അനാവശ്യ ഇടപെടലുകളും ഒഴിവാക്കി അന്വേഷണം ശരിയായ രീതിയിലാക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.
2010ൽ ജോലി വാഗ്ദാനം നൽകി എറണാകുളത്തെ ഗാനരചയിതാവിന്റെ വീട്ടിൽവച്ചു പീഡിപ്പിച്ചെന്നാണു കണ്ണൂർ സ്വദേശിനിയുടെ പരാതി.
എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈടെക് ക്രൈം എൻക്വയറി സെല്ലാണ് അന്വേഷിക്കുന്നത്.