സ്വന്തം ലേഖകൻ
തൃശൂർ: പ്രളയത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ കിള്ളന്നൂരിൽ മണ്ണിടിഞ്ഞു മരിച്ച അജീഷിന്റ ഭാര്യജിൻസിക്കും രണ്ട് കുട്ടികൾക്കും അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ഫ്ലാറ്റ് സമ്മാനിച്ച് ചെന്പൂക്കാവിലെ ബാലഗോപാലനും കുടുംബവും. പ്രശസ്തിയും പ്രചാരണവും അരുതെന്ന കർശന നിർദേശത്തോടെ വളരെ ലളിതമായ ചടങ്ങിലായിരുന്നു ഫ്ലാറ്റിന്റെ താക്കോൽ കൈമാറിയത്. ജീവിതസന്പാദ്യത്തിലെ ഒരു ഭാഗമായ ഫ്ലാറ്റ്, അർഹിക്കുന്ന കുടുംബത്തിനു സമ്മാനിക്കുന്ന പുണ്യമുഹൂർത്തത്തിൽ പങ്കാളികളാകാൻ ബാലഗോപാലനൊപ്പം പത്നിയും അയർലൻഡിലുള്ള മകളും എത്തിയിരുന്നു.
തൃശൂർ ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് റെജി ജോസഫിന്റെ സാന്നിധ്യത്തിലായിരുന്നു താക്കോൽ കൈമാറ്റം. അയ്യന്തോളിലെ കോർപറേഷൻ കൗണ്സിലർ എ. പ്രസാദും അയ്യന്തോൾ വില്ലേജ് ഓഫീസറും പഞ്ചായത്ത് പ്രസിഡന്റും മാത്രമാണു സാക്ഷികൾ. കേരളം പ്രളയത്തിൽ മുങ്ങിത്തുടിച്ചപ്പോൾ ബാലഗോപാൽ തൃശൂർ ജില്ലാ കളക്ടറായിരുന്ന ടി.വി. അനുപമയെ കണ്ട് ഒരു വാഗ്ദാനം നൽകി.
അർഹിക്കുന്ന ഒരു കുടുംബത്തിന് താമസിക്കാൻ തന്റെ സന്പാദ്യമായ ഫ്ലാറ്റ് സമ്മാനിക്കാൻ തയാറാണെന്നായിരുന്നു അത്. ജില്ലാ കളക്ടർ അനുപമതന്നെ ഏറ്റവും അർഹയായ ജിൻസിയേയും കുടുംബത്തേയും തെരഞ്ഞെടുത്തു. വിവരം ബാലഗോപാലിനെ അറിയിച്ചു. കളക്ടറുടെ നിർദേശാനുസരണം അയ്യന്തോൾ വില്ലേജ് ഓഫീസർ കൈമാറ്റത്തിനുള്ള രേഖകൾ തയാറാക്കി. ഫ്ലാറ്റ് കൈമാറാനുള്ള തീയതിയും നിശ്ചയിച്ചു.
ബാലഗോപാലനു ചില ഉപാധികൾ ഉണ്ടായിരുന്നു: ഫ്ലാറ്റ് ദാനമായി നൽകുന്ന വിവരം ആരും അറിയരുത്. ആരേയും ക്ഷണിക്കരുത്. ചടങ്ങും അരുത്. ഇതിന്റെ പേരിൽ പ്രശസ്തി വേണ്ട. അങ്ങനെ വളരെ ലളിതമായി ഫ്ലാറ്റ് കൈമാറുകയായിരുന്നു. മകളുടെ പേരിലുള്ള ഫ്ലാറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതുതലമുറയ്ക്കു ചെസ്കളി പരിശീലന കേന്ദ്രമാക്കാനുള്ള ശ്രമത്തിനിടയിലാണു പ്രളയം വന്നത്. അങ്ങനെയാണു വീടു നഷ്ടപ്പെട്ട കുടുംബത്തിനു ഫ്ലാറ്റ് സമ്മാനിക്കാൻ തീരുമാനിച്ചത്.