കോഴിക്കോട്: ചെന്നൈ പോലീസ് കഴിഞ്ഞദിവസം ഏറ്റുമുട്ടലിലൂടെ കൊടുംകുറ്റവാളിയെ വെടിവച്ചുകൊന്നതറിഞ്ഞതിന്റെ ആശ്വാസത്തിൽ കോഴിക്കോട് പേരാമ്പ്ര ഗ്രാമം. തമിഴ്നാട്ടിൽ അറുപതോളം കേസുകളിലെ പ്രതിയായ കൊടുംകുറ്റവാളി ചെന്നൈ മണ്ണടി കാക്കാത്തോപ്പ് ബാലാജിയാണ് കഴിഞ്ഞ ദിവസം രാത്രി ചെന്നൈ പോലീസിന്റെ വെടിയേറ്റു മരിച്ചത്.
കർക്കടകത്തിലെ ഉഴിച്ചിൽ ചികിത്സയ്ക്കെന്ന പേരിൽ ഒന്നരമാസത്തോളം ഇയാൾ പേരാമ്പ്രയിൽ ഒളിവിൽക്കഴിഞ്ഞ ിരുന്നു.ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടൽ തുടങ്ങിയവ ഉൾപ്പെടെ അറുപതോളം കേസുകളാണ് ബാലാജിയുടെ പേരിലുണ്ടായിരുന്നത്. ബാലാജി പേരാന്പ്രയിൽ ഉണ്ടെന്നറിഞ്ഞ് തമിഴ്നാട് പോലീസ് അന്വേഷിച്ചെത്തിയതിനു പിറകെ ഇയാൾ രക്ഷപ്പെട്ട് ചെന്നൈയിലേക്ക് പോയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലെ പുളിയാന്തോപ്പിൽ വ്യാസർപാടി ജീവാ റെയിൽവേസ്റ്റേഷനുസമീപത്ത് ബാലാജിയുടെ വണ്ടി നിർത്തിയിട്ടതായി കണ്ടെത്തിയ പോലീസ് തുടർന്ന് ബാലാജിയെ പിടികൂടാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ വെടിവയ്പിൽ ബാലാജി കൊല്ലപ്പെടുകയായിരുന്നു.
ബാലാജിയെ പിടികൂടാന്‍ ജൂലൈ 27നാണ് തമിഴ്നാട് പോലീസ് പേരാമ്പ്ര വള്ളിയൂരില്‍ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ മാപ്പ് നോക്കി എത്തിയ പോലീസിന് ബാലാജി താമസിച്ചിരുന്ന വീടു കണ്ടെത്തുന്നതില്‍ പിഴവുപറ്റി. തൊട്ടടുത്ത വീട്ടിലാണ് പോലീസ് സംഘം ചെന്നുകയറിയത്. ആ ഒരു നിമിഷം മതിയായിരുന്നു ബാലാജിക്ക് രക്ഷപ്പെടാന്‍.
ഉഴിച്ചിൽ ചികിത്സയ്ക്കാണെന്ന പേരിലാണ് ബാലാജി പേരാമ്പ്രയിലെത്തിയത്.വലിയപറമ്പ് സ്വദേശിയായ വ്യക്തിയാണ് ബാലാജിക്ക് വാടകവീട് എടുത്തുനൽകിയത്. ഇയാൾ ചെന്നൈയിൽ പ്രോ വോളി മത്സരങ്ങൾ കാണാൻപോയിരുന്നു. അവിടെവച്ച് ചെന്നൈയിലെ ഒരു സുഹൃത്താണ് ബാലാജിയെ പരിചയപ്പെടുത്തിയത്.
തുടർന്നാണ് ബാലാജി ഉഴിച്ചിലിനാണെന്ന വ്യാജേന പേരാമ്പ്രയിലെത്തിയത്. ബാലാജി കൊടുംകുറ്റവാളിയാണെന്ന് പേരാമ്പ്ര സ്വദേശിക്കും അറിയില്ലായിരുന്നു.പേരാമ്പ്രയിലെത്തിയ ബാലാജിക്ക് നാടും ഇവിടത്തെ രീതികളും ഇഷ്ടപ്പെട്ടു. പുതിയ ബിസിനസ് സംരംഭം തുടങ്ങാനും പദ്ധതിയിട്ടു. പേരാമ്പ്രയിലെ യാത്രയ്ക്കിടെ വഴിയരികിൽ ഹരിതകർമസേന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുവച്ചത് കണ്ടു.
ഇത് മൊത്തമായി വാങ്ങി റീ സൈക്ലിംഗിന് ചെന്നൈയിലേക്ക് കൊണ്ടുപോവുന്ന ബിസിനിസ് തുടങ്ങാൻ ബാലാജി പദ്ധതിയിട്ടിരുന്നു. ജില്ലയിലെ പല തദ്ദേശസ്ഥാപനങ്ങളിലും ഇക്കാര്യത്തിനായി ബാലാജി കയറിയിറങ്ങി. ഇതിനിടെയുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് തമിഴ്നാട് പോലീസ് പേരാമ്പ്രയിലെത്തിയത്.