സന്തോഷ് പ്രിയൻ
കൊല്ലം: പുരസ്കാര നിറവിൽ തിളങ്ങുകയാണ് അദ്വൈത് മേനോൻ എന്ന കുട്ടികർഷകൻ. കർഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരമുള്ള 2017-18 ലെ ജില്ലയിലെ മികച്ച ബാലകർഷകനുള്ള രണ്ടാം സ്ഥാനം തേടിവന്നത് ഈ അഞ്ചാം ക്ലാസുകാരനെയാണ്.
കൊല്ലം ശക്തികുളങ്ങര വള്ളിക്കീഴ് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അദ്വൈത് രാമൻകുളങ്ങര മതേതര നഗറിൽനിന്ന് നൽകിയ ചെറിയ വിത്തുകൾ ഉപയോഗിച്ച് വീട്ടുവളപ്പിലെ രണ്ടു സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
രാമൻകുളങ്ങര മതേതരനഗർ 156 എ ഇന്ദുമന്ദിരത്തിൽ കുറേ നാളുകളായി പച്ചക്കറി പുറത്തുനിന്നു വാങ്ങാറില്ല. അദ്വൈത് വിളയിച്ചെടുക്കുന്ന വെണ്ടയ്ക്ക, വഴുതന, പാവൽ, ചീര, തക്കാളി , പയർ, പച്ചമുളക്, പടവലം, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയവ വീട്ടാവശ്യത്തിന് പുറമെ വിൽക്കാറുമുണ്ട്.
മുത്തച്ഛൻ കുട്ടികൃഷ്ണമേനോനും മുത്തശി സരസ്വതിമേനോനുമാണ് കൊച്ചുമകനെ കൃഷിയിൽ സഹായിക്കുന്നത്. അദ്വൈതിന്റെ കൃഷിയിലെ താല്പര്യം മനസിലാക്കി മുത്തശിയും മുത്തച്ഛനും പ്രോത്്സാഹിപ്പിക്കുകയായിരുന്നു. സ്കൂളിലെ അധ്യാപകരായ ജയശ്രീ, ബിനി, നഗറിലെ കൃഷി കോഓർഡിനേറ്ററും റസിഡന്റസ് നഗർ അസോ.വൈസ് പ്രസിഡന്റുമായ സുവർണ ശശികുമാറും അദ്വൈതിന് കൃഷിയ്ക്ക് വേണ്ട സഹായങ്ങളും പ്രോത്സാഹനവും നൽകുന്നുണ്ട്.
ഇപ്പോൾ രണ്ടു സെന്റ് സ്ഥലം മുഴുത്ത പച്ചക്കറിത്തോട്ടമാക്കി അദ്വൈത് മാറ്റിയെടുത്തു. മട്ടുപ്പാവിലും കൃഷി നടത്തുന്നുണ്ട്. ഒന്നാം ക്ലാസുമുതലാണ് ഈ കൊച്ചുമിടുക്കൻ വീട്ടുവളപ്പിൽ കർഷകന്റെ കുപ്പായമിട്ടുതുടങ്ങിയത്.
ജില്ലയിൽ മൂന്നുപേർക്കാണ് അവാർഡ് നൽകുന്നത്. മതേതരനഗർ 156 എ ഇന്ദുമന്ദിരത്തിൽ അജിത്കരീപ്പുഴയുടേയും ലിജിയുടേയും മകനാണ് അദ്വൈത്. മതേതരനഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുകൂടിയാണ് അജിത്. അഞ്ജലി എ.എൽ സഹോദരിയാണ്.
ജില്ലാപഞ്ചായത്തംഗം ഡോ.കെ.രാജശേഖരനിൽനിന്നുമാണ് അദ്വൈത് ബാലകർഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത്. പഠനത്തിലും അദ്വൈത് മിടുക്കനാണ്. കഴിഞ്ഞ എൻഎസ്എസ് സ്കോളർഷിപ് പരീക്ഷയിൽ അദ്വൈതിന് മികച്ച വിജയം നേടാനായി.