ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തികാട്ടാനുള്ള മാര്‍ഗമായാണ് ദിനപത്രങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ അശരണരുടേയും ആരോരുമില്ലാത്തവരുടെയും പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധാരണയായി ആരും ശ്രമിക്കാറില്ല. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ തെരുവു കുട്ടികള്‍ ചേര്‍ന്നൊരു പത്രമിറക്കിയത്. വൃത്തിയില്ലാത്തവരെന്നും അപരിഷ്‌കൃതരെന്നും അവരെ പുച്ഛിച്ചവര്‍ക്കെതിരെ അവര്‍ ആ പത്രമുയര്‍ത്തിപിടിച്ചു. ബാലവിവാഹം, ബാലപീഡനം, ലൈംഗികാതിക്രമങ്ങള്‍ തെരുവിന്റെ മക്കളെ ദുരന്തങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ അവര്‍ അതിനെതിരെ തങ്ങളുടെ സ്വന്തം പത്രങ്ങളിലൂടെ പ്രതികരിച്ചു. ഇത്തരത്തില്‍ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ആയിരക്കണക്കിന് തെരുവുകുട്ടികളുണ്ട് ഡല്‍ഹിയില്‍.
ചുറ്റുമുളള പ്രതിബന്ധങ്ങളോട് ധീരമായി പടവെട്ടി പത്രപ്രവര്‍ത്തന മേഖലയില്‍ സജീവമായിരിക്കുകയാണ് ഈ കുട്ടിക്കൂട്ടം. ബാലക്‌നാമ എന്ന പേരിലാണ് ഈ തെരുവു സംഘം പത്രമിറക്കുന്നത്. തെരുവ് ജീവിതങ്ങള്‍ എന്നു മുദ്രകുത്തിയ ഒരു ജനതയ്ക്ക് വേണ്ടി അവരുടെ ശബ്ദമാകുകയാണ് ഈ കുരുന്നുകള്‍. തങ്ങള്‍ക്കെതിരെയുണ്ടാവുന്ന അതിക്രമങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമെതിരെയുളള ശക്തമായ പോരാട്ടമാണ് കുട്ടികളുടെ ശബ്ദം എന്നര്‍ഥമുളള ബാലക്‌നാമയിലൂടെ ലക്ഷ്യമിടുന്നത്. യാഥാര്‍ഥ്യം ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയുളള കുട്ടികളുടെ പോരാട്ടമാണ് ബാലക്‌നാമ.
ഒരു കാലത്ത് ഹോട്ടലിലെ പാത്രങ്ങള്‍ വൃത്തിയാക്കിയും കാറുകള്‍ കഴുകി കൊടുത്തും ഭിക്ഷയെടുത്തുമൊക്കെ ഉപജീവനം നടത്തിയിരുന്ന കുട്ടികള്‍ തന്നെയാണ് എല്ലാ ചുമതലകളും വഹിക്കുന്നത്. ചേതന എന്ന എന്‍ജിഒ ആണ് കുട്ടികളുടെ പത്രത്തിന്റെ നടത്തിപ്പുകാര്‍. 2003ല്‍ 35 കുട്ടി റിപ്പോര്‍ട്ടറുമാരുമായാണ് പത്രം ആരംഭിച്ചത്. അന്നു പത്രത്തിനു വേണ്ട എല്ലാ സഹായങ്ങളും പിന്തുണയും നല്‍കിയത് ചേതനയാണ്. ഇന്ന് ഏഴോളം നഗരങ്ങളിലായി പതിനായിരത്തോളം കുട്ടി റിപ്പോര്‍ട്ടര്‍മാരാണ് പത്രത്തിനുളളത്. പതിനായിരത്തോളം വായനക്കാരും കുട്ടിപ്പത്രത്തിനുണ്ട്. എട്ടു പേജുകളുളള പത്രം ഡല്‍ഹി, നോയിഡ, മധുര, ഝാന്‍സി, ഗ്വാളിയര്‍, ആഗ്ര തുടങ്ങിയ നഗരങ്ങളില്‍ നിന്നുളള വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയാണ് പുറത്തിറങ്ങുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ടു ജീവിതത്തിലെ എല്ലാ സുഖങ്ങളും നഷ്ടപ്പെട്ട 17കാരനായ വികാസ് കുമാറിനെപ്പോലെയുളള കുട്ടികളാണ് ഇന്ന് ബാലക്‌നാമയുടെ റിപ്പോര്‍ട്ടര്‍മാരായിട്ടുള്ളത്. ഇന്നവര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചറിയാം. ജീവിതത്തിന്റെ ശരിയും തെറ്റും തിരിച്ചറിയാം. ചെയ്യുന്ന തൊഴിലിന്റെ പ്രാധാന്യം കൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും താരങ്ങളായി തീര്‍ന്നിരിക്കുകയാണ് തെരുവിന്റെ സ്വന്തമായ ഈ കുട്ടിപത്രക്കാര്‍.