ഫെബ്രുവരി 14 ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ ഭാഗത്തുനിന്നും ഒരു തിരിച്ചടി ഭീകര സംഘടനയായ ജയ്ഷ് ഇ മുഹമ്മദ് പ്രതീക്ഷിച്ചത് തന്നെയാണ്. എന്നാൽ ഈ ആക്രമണം ബഹവൽപൂരിലെ തങ്ങളുടെ ആസ്ഥാന കേന്ദ്രത്തിനുനേരെ ആയിരിക്കുമെന്ന് അവർ വിചാരിച്ചു.
അതുകൊണ്ട് ഇവിടെയുള്ള പലരെയും ബാലാകോട്ടിലുള്ള പരിശീലന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഭീകരൻമാരുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറമായിരുന്നു ഇന്ത്യയുടെ നീക്കം. ബാലാകോട്ടിലേക്ക് കൂടുതൽ ഭീകരർ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഇന്ത്യ അവിടം ബോംബിട്ട് തകർത്തത്.
ബാലാകോട്ട്- അബോട്ടബാദിന്റെ അയൽവാസി
പാക്കിസ്ഥാൻ സർക്കാരിന്റെ തന്നെ പിന്തുണയോടെ പാക്കിസ്ഥാൻ കേന്ദ്രമാക്കി തഴച്ചുവളർന്നുകൊണ്ടിരിക്കുന്ന ഭീകര സംഘടനയാണ് ജയ്ഷ് ഇ മുഹമ്മദ്. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുണ്ടായിരുന്നത് അവരുടെ പ്രധാന പരിശീലന കേന്ദ്രമായിരുന്നു.
തങ്ങളുടെ സംഘടനയിൽ പുതിയതായി ചേരുന്നവർക്കുള്ള ആയുധ പരിശീലനമടക്കം നൽകുന്നത് ഇവിടെവച്ചാണ്. 2011ൽ അമേരിക്കൻ പ്രത്യേക സംഘം ആഗോള ഭീകരൻ ഒസാമ ബിൻലാദനെ വധിച്ച അബോട്ടബാദ് എന്ന സ്ഥലം ഇവിടന്ന് വെറും 63 കിലോമീറ്റർ മാത്രം അകലെയാണ്.
ബാലാകോട്ടിലെ മലനിരകളിൽ ആൾതാമസം തീരെയില്ലാത്ത ഒഴിഞ്ഞ സ്ഥത്തായിരുന്നു ജെയ്ഷെ ഇ മുഹമ്മദിന്റെ ക്യാന്പ്. വനത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ പറ്റാത്ത സ്ഥമായിരുന്നു അത്.
ഭീകരത പഠിപ്പിക്കുന്ന ആറ് ഏക്കർ
ഏകദേശം ആറ് ഏക്കർ സ്ഥലത്തായിരുന്നു ഈ ഭീകര പരിശീലന കേന്ദ്രം വ്യാപിച്ച് കിടന്നിരുന്നത്. നമ്മുടെ രാജ്യത്തെ പട്ടാള പരിശീലന പരിപാടികളെക്കെപ്പോലെതന്നെയുള്ള കർശന പരിശീലനമാണ് ഇവിടെ തീവ്രവാദികൾക്ക് നൽകിയിരുന്നത്. അവസാനമായി ഇവിടെ തീവ്രവാദികളുടെ പാസിംഗ് ഒൗട്ട് പരേഡ് നടന്നത് 2018 ഏപ്രിൽ ഒന്നിനായിരുന്നെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ജയ്ഷ് സ്ഥാപകൻ മൗലാന മസൂദ് അസറിന്റെ സഹോദരൻ മുഫ്തി അബ്ദുൽ റൗഫ് അസ്കർ അന്ന് ഈ പരേഡിൽ പങ്കെടുത്തിരുന്നു.ഈ ഭീകര കേന്ദ്രത്തെക്കുറിച്ചും ഇവിടെയുള്ള തീവ്രവാദികളെക്കുറിച്ചും ചിത്രങ്ങളടങ്ങിയ തെളിവുകൾ കൃത്യമായി ശേഖരിച്ച ശേഷമായിരുന്നു ഇന്ത്യയുടെ ആക്രമണം
സ്വിമ്മിംഗ് പൂൾ മുതൽ ജിംനേഷ്യം വരെ
ഭീകരവാദികളാകാനെത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളോടുംകൂടിയുള്ള പരിശീലനമാണ് ബാലാകോട്ടിൽ നൽകുക. സ്വിമ്മിംഗ് പൂളും ജിംനേഷ്യവുമൊക്കെ ഉൾപ്പെടുന്നതാണ് മലമുകളിലെ ഈ ക്യാന്പ്. വെടിവയ്പ് പരിശീനത്തിനായി പ്രത്യേക ഷൂട്ടിംഗ് റേഞ്ചുകളും ഒരുക്കിയിരിക്കുന്നു.2004-03 കാലത്താണ് കേന്ദ്രത്തിന്റെ പണികൾ നടന്നത്. അഫ്ഗാൻ യുദ്ധത്തിൽ റഷ്യക്കെതിരേ പോരാടിയവരാണ് ആദ്യകാലത്ത് ഇവിടെ പരിശീലനം നൽകാൻ എത്തിയിരുന്നത്.
ചവിട്ടുപടികളിൽ വിവിധ രാജ്യങ്ങളുടെ പതാക
ഈ ഭീകര കേന്ദ്രത്തിലെ ചവിട്ടുപടികളിലെല്ലാം തങ്ങളുടെ ശത്രുരാജ്യങ്ങളുടെ പതാകകളാണ് വരച്ചുവച്ചിരിക്കുന്നത്. ഇതിൽ ചവിട്ടിപ്പോകുന്പോൾ ജിഹാദികളുടെ മനസിൽ രാജ്യങ്ങളോടുള്ള വിദ്വേഷം വർധിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്്തിരിക്കുന്ന്ത്.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തിലാണ് ഇവിടത്തെ പരിശീലനങ്ങളെന്നും ആരോപണമുണ്ട്. 250 ൽ അധികം ഭീകരർ ഇതിനോടകം ഇവിടെ നിന്ന് പരിശീലനം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു.
നിയന്ത്രണം മൗലാനയൂസഫ് അസറിന്
ജെയ്ഷെയുടെ വിവിധ പ്രദേശങ്ങളിലെ ക്യാന്പുകളുടെയും മറ്റും ഉത്തരവാദിത്വങ്ങൾ അസർ നൽകിയിരുന്നത് സ്വന്തം കുടുംബാഗങ്ങൾക്ക് തന്നെയായിരുന്നു. ബാലാകോട്ടിലെ തങ്ങളുടെ ഏറ്റവും വലിയ പരിശീലന ക്യാന്പിന്റെ ഉത്തരവാദിത്വം നൽകിയിരുന്നത് സഹോദരീ ഭർത്താവ് മൗലാന യൂസഫ് അസറിനായിരുന്നു. ഇയാൾ ഈ ഭീകരതാളവത്തിനു ചുറ്റും വാഹനത്തിൽ റോന്തുചുറ്റുന്നതിന്റെയും താവളത്തിനുള്ളിൽ വെടിവയ്പ് നടത്തുന്നതിന്റെയും ചിത്രങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു.
വൻ ആയുധശേഖരം
തോക്കുകൾ, ഹാൻഡ് ഗ്രനേഡ്സ്, സ്ഫോടക വസ്തുക്കൾ ഡിറ്റനേറ്ററുകൾ ഇങ്ങനെ പോകുന്നു ബാകോട്ടിലെ ആയുധ ശേഖരം. ആധുനിക ആയുധങ്ങൾ ഉപയോഗിക്കാനും സ്ഫോടക വസ്തുക്കൾ നിർമിക്കാനും സെനിക വാഹനങ്ങൾ ആക്രമിക്കാനും ചാവേർ ബോംബ് ആക്രമണങ്ങൾ നടത്താനുമൊക്കെ ഇവിടെ പരിശീലനം നൽകുന്നു.
ചരിത്രം ഉറങ്ങുന്ന മണ്ണ്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു ഭരണകൂടത്തിനെതിരേ ആദ്യമായി ഒളിപ്പോര് നടന്ന സ്ഥമാണ് ബലാക്കോട്ട്. മഹാരാജ രഞ്ജിത് സിംഗിനെതിരേയായിരുന്ന പരാജയപ്പെട്ട ആ ഒളിപ്പോര്. അതിന് നേതൃത്വം നൽകിയ വിഘടനാവാദി നേതാക്കളായ ഷാ ഇസ്മയിൽ ഷഹീദ്, സൈയിദ് അഹമദ് സഹീദ് എന്നിവർ ഇവിടെവച്ച് കൊല്ലപ്പെട്ടു.
ഈ സൈയ്ദ് അഹമ്മദ് ഷഹീദിന്റെ പേരാണ് ജെയ്ഷെ പരിശീലന കേന്ദ്രത്തിന് നൽകിയിരുന്നത്ബാലാകോട്ട് 2005-ലെ ഭൂകന്പത്തിൽ തകർന്ന പ്രദേശമാണ്. സൗദിഅറേബ്യയുടെ വലിയ സഹായത്തോടെയാണ് പിന്നീട് ബാലാകോട്ട് പുനർനിർമിച്ചത്.
പരിശീലനം ഇന്ത്യയെ തകർക്കാൻ
ഇന്ത്യയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയ്ഷെ ഇവിടെ ഭീകരരെ പരിശീലിപ്പിക്കുക. കാശ്മീർ താഴ് വരകളിൽ ഭീകരത വിതയ്ക്കുകയാണ് പ്രധാന ഉദ്ദേശ്യം.