രാജീവ് ഡി.പരിമണം
കൊല്ലം: കേരള രാഷ്ട്രീയത്തിൽ എക്കാലവും നിറഞ്ഞുനിന്ന നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. കൊട്ടാരക്കരയെന്നാൽ പിള്ളയെന്നാണ്. പിള്ളയുടെ വിയോഗം രാഷ്ട്രീയകേരളത്തിന് തീരാനഷ്ടം തന്നെ.
ആറ് പതിറ്റാണ്ടായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന പിള്ള എട്ടുതവണയാണ് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്തത്. മൂന്നതവണ പരാജയത്തിന്റെ കൈയ്പും അദ്ദേഹം അറിഞ്ഞിട്ടുണ്ട്.
യുഡിഎഫ് സ്ഥാപക നേതാക്കളിൽ ഒരാളായ പിള്ള 2016ൽ യുഡിഎഫിനോട് വിടചൊല്ലി എൽഡിഎഫിൽ ചേക്കേറി.രാഷ്ട്രീയലോകത്ത് ശ്രദ്ധാകേന്ദ്രമായ കൊട്ടാരക്കരയുടെ ഗതിവിഗതികളിൽ പിള്ളയുടെ പങ്ക് വളരെ വലുതാണ്. കേരളാകോൺഗ്രസിന്റെ സ്ഥാപന ജനറൽ സെക്രട്ടറി കൂടിയായിരുന്നു.
ഒരു രാഷ്ട്രീയക്കാരന് പ്രധാനം തന്നിഷ്ടമല്ല ജനങ്ങളുടെ ഇഷ്ടമാണെന്ന് കരുതിയ നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. ജനങ്ങൾക്ക് വേണ്ടിയാകണം ഓരോനേതാവുമെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വിദ്യാർഥിയായിരിക്കുന്പോൾ രാഷ്ട്രീയത്തിലിറങ്ങി.
കേവലം 22 വയസുള്ളപ്പോൾ ഉന്നത പദവിയിലെത്തിയത് ജനപിൻതുണ കൊണ്ടുമാത്രമാണ്. അവർ നൽകിയ ആവേശം അദ്ദേഹത്തെ രാഷ്ട്രീ യത്തിലുറപ്പിച്ചുനിർത്തി. പേരുകേട്ട കുടുംബത്തിൽനിന്ന് വന്നതിന്റെ ഗർവില്ലായെന്ന് സാധാരണക്കാർ പറയുന്പോൾ ബാലകൃഷ്ണ പിള്ള ആകാശം മുട്ടേ വളരുകയായിരുന്നു.
ആർ.ശങ്കർ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ 21 അംഗ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ബാലകൃഷ്ണ പിള്ള പ്രായം കുറഞ്ഞ നേതാവായിരുന്നു. കേരളത്തിൽനിന്നുള്ള എട്ട് എഐസിസി അംഗങ്ങളിൽ ഒരാളായ ബാലകൃഷ്ണ പിള്ളയുടെ കരുത്ത് തിരിച്ചറിയേണ്ടവയായിരുന്നു.
പാർട്ടി വളർന്നതോടൊപ്പം ബാലകൃഷ്ണ പിള്ള യും വളർന്നു.രാഷ്ട്രീയത്തിൽ വരുന്നതിന് വീട്ടുകാർക്ക് താൽപ്പര്യമില്ലായിരുന്നെങ്കിലും ബാലകൃഷ്ണ പിള്ളയുടെ തീരുമാനം രാഷ്ട്രീയത്തിലുറച്ചു നിൽക്കാനായിരുന്നു. താൻ രാഷ്ട്രീയത്തിൽ വന്നില്ലായിരുന്നെങ്കിൽ ഒരു നല്ല അഭിഭാഷകനാകുമായിരുന്നെന്ന് ബാലകൃഷ്ണ പിള്ള പറയുമായിരുന്നു.
തട്ടകം കൊട്ടാരക്കരയാണെങ്കിലും കന്നിയങ്കം പത്തനാപുരത്തായിരുന്നു. അതും ഇടതുപക്ഷ കോട്ടയിൽ.1960ലാണ് പിള്ള ആദ്യമായി അസംബ്ലി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പത്തനാപുരത്ത് കന്നിയങ്കത്തിൽ വിജയിച്ച അദ്ദേഹം നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയായി.
1965മുതലാണ് കൊട്ടാരക്കര മണ്ഡലം പിള്ളയ്ക്ക് സ്വന്തമായത്. സിപിഐയിലെ ഇ.ചന്ദ്രശേഖരൻനായരെ 8139 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 67ലെ തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരൻ നായരോട് 1,560 വോട്ടിന് പിള്ള പരാജയപ്പെട്ടു. തുടർന്ന് 70ൽ നടന്ന തെരഞ്ഞെടുപ്പിൽ കൊട്ടറ ഗോപാലകൃഷ്ണനോടും അദ്ദേഹം പരാജയപ്പെട്ടു.
എന്നാൽ 77ൽ 14,155 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൊട്ടറ ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തി. 80-ൽ 36,711 വോട്ടിന്റെഭൂരിപക്ഷത്തിൽ പിഎസ്പിയിലെ തേവന്നൂർ ശ്രീധരൻനായരെ പരാജയപ്പെടുത്തി. 82ലും 87ലും സിപിഐയിലെ ഇ. രാജേന്ദ്രനെ പരാജയപ്പെടുത്തി. 91ൽ സിപിഎം നേതാവ് ജോർജ് മാത്യുവിനെ അദ്ദേഹം പരാജയപ്പെടുത്തി.
96ൽ നടന്ന തെരഞ്ഞെടുപ്പിലും ജോർജ് മാത്യുവിനെ പിള്ള തറപറ്റിച്ചു. 2001ൽ അഡ്വ.രവീന്ദ്രൻനായരെയാണ് പരാജയപ്പെടുത്തിയത്. 71മുതൽ 77വരെ മാവേലിക്കര ലോകസഭാമണ്ഡലത്തിൽനിന്ന് വിജയിച്ച് എംപിയായി. ഇതിനിടയിൽ 25വർഷം ഇടമുളയ്ക്കലും 15വർഷം കൊട്ടാരക്കരയിലും പഞ്ചായത്ത് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.
ഏറ്റവും ഒടുവിൽ 2006-ലെ തെരഞ്ഞെടുപ്പിലാണ് പിള്ളയ്ക്ക് ദയനീയ പരാജയമുണ്ടായത്. സിപിഎമ്മിലെ അഡ്വ.ഐഷാ പോറ്റിയോട് 12,087 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടയിലാണ് 2011ലെ തെരഞ്ഞെടുപ്പ് വന്നത്.
ഡോ.എൻ.എൻ. മുരളിയെയാണ് പിള്ള പകരക്കാരനായി മത്സരിപ്പിച്ചത്. മുരളിയും ഐഷാ പോറ്റിയോട് പരാജയപ്പെട്ടു.പിള്ളയുടെ രാഷ്ട്രീയ വളർച്ച പെട്ടന്നായിരുന്നു. കേവലം 25 വയസ് പ്രായമുള്ളപ്പോഴാണ് ആദ്യമായി എംഎൽഎയായത്.
ആദ്യമായി അസംബ്ലിയിലേക്ക് പോയ അദ്ദേഹത്തിന് എന്നും ഓർക്കാൻ ചിലതുണ്ടായിരുന്നു. യുവാവായ പിള്ള കടന്നുവന്നതോടെ വാച്ച് ആന്റ് വാർഡ് വിലക്കി. അകത്തേക്കുള്ള പ്രവേശനം തടഞ്ഞു. വിസിറ്റേഴ്സിന് മുകളിലത്തെ ഗാലറിയാണ് അനുവദിച്ചിട്ടുള്ളത്.
അവിടേക്ക് പോകാനാവശ്യപ്പെട്ടു. ഉടനെ പിള്ള മറുപടി നൽകി. താൻ എംഎൽഎയാണ്. ആ ജീവനക്കാരന്റെ മുഖത്തെ ഭാവം അദ്ദേഹത്തിന് മറക്കാൻ കഴിഞ്ഞിരുന്നില്ല. ഉടൻതന്നെ അദ്ദേഹം ബഹുമാനപൂർവം പിള്ളയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു.
അന്നത്തെ കാലത്ത് ജയിച്ചുവരുന്നവരെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇന്നത്തെ പോലെ മീഡിയ വളർന്നിട്ടില്ല. ഇരുത്തം വന്ന പിള്ളയെന്ന സാമാജികൻ നാലുതവണ മന്ത്രിയായി. നാടിനെ കൊള്ളയടിക്കുന്നവരാകരുത് രാഷ്ട്രീയക്കാരെന്ന നിലപാടാണ് പിള്ളയ്ക്ക് ഉണ്ടായിരുന്നത്.
ഏക്കറുകണത്തിന് ഭൂമിയാണ് പലപ്പോഴായി പാർട്ടിവളർത്താനായി വിറ്റുതുലച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് രാഷ്ട്രീയം വരുത്തിവച്ചതെന്നും ജനങ്ങളുടെ സ്നേഹം കൊണ്ടുമാത്രമാണ് പിടിച്ചുനിന്നതെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. മത്സരിച്ചില്ലെങ്കിലും 2012 മുതൽ കാബിനറ്റ് പദവിയിലുള്ള മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാനായി തുടരുകയായിരുന്നു.