റെജി ജോസഫ്
ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ കളിക്കളം കൊട്ടാരക്കര ആയിരുന്നെങ്കിൽ രാഷ്ട്രീയ കളരി കോട്ടയമായിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.ടി. ചാക്കോയുടെ അകാലവിയോഗമുണർത്തിയ വികാരത്തിന്റെ ഫലംകൂടിയായ കേരള കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാപനം മുതൽ കോട്ടയം ചുറ്റുവട്ടങ്ങളിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ കരുനീക്കങ്ങൾ. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്നു പെരുന്ന വഴി കോട്ടയത്തേക്കുള്ള പ്രയാണം.
1964 ഒക്ടോബർ ആദ്യവാരം പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ആദ്യ ആലോചനാ യോഗത്തിന് ഒരുനിര പ്രമുഖർ തിരുനക്കരയിൽ ഒത്തുകൂടിയപ്പോൾ അന്ന് 29 വയസ് പ്രായമുള്ള ആർ. ബാലകൃഷ്ണപിള്ള അതിലെ പ്രധാനിയായിരുന്നു. തിരുനക്കര മൈതാനത്തോടു ചേർന്ന് ഇപ്പോഴത്തെ ജില്ലാ ബാങ്കിന്റെ പിൻവശത്തുണ്ടായിരുന്ന ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിലായിരുന്നു സംഭവബഹുലമായ ആ ആലോചനാ യോഗം.
യുവതീപ്പൊരി
കോണ്‍ഗ്രസിലെ അതൃപ്തരുടെ വലിയൊരു നിര കെ.എം. ജോർജിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഇ. ജോണ്‍ ജേക്കബ്, മാത്തച്ചൻ കുരുവിനാക്കുന്നേൽ, കെ. നാരായണക്കുറുപ്പ്, ഒ.വി. ലൂക്കോസ്, ജെ.എ. ചാക്കോ, വയലാ ഇടിക്കുള, സി.എഫ്. തോമസ്, ഇ.ജെ. ആഗസ്തി തുടങ്ങി നൂറോളം പേർ പ്രായം മറന്നു ചേർന്ന ആ യോഗത്തിലെ പ്രധാനിയായിരുന്നു ആർ. ബാലകൃഷ്ണപിള്ള എന്ന യുവകോണ്‍ഗ്രസ് നേതാവ്. കമ്യൂണിസത്തിലായിരുന്നു രാഷ്ട്രീയ തുടക്കമെങ്കിലും കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നടന്ന വിമോചന സമരത്തിലെ യുവ തീപ്പൊരികൂടിയായിരുന്നു ബാലകൃഷ്ണപിള്ള.
കൊട്ടാരക്കര വാളകം കീഴൂട്ട് രാമൻപിള്ള എന്ന ശ്രീമൂലം പ്രജാസഭാംഗമായിരുന്ന നായർപ്രമാണിയുടെ ഏകമകനും അഭിഭാഷകനുമായിരുന്ന ആർ. ബാലകൃഷ്ണപിള്ള മന്നത്തു പത്മനാഭന്റെ അനുഗ്രഹത്തോടെയാണ് കോട്ടയത്തു കേരള കോണ്‍ഗ്രസ് രൂപീകരണത്തിലെത്തിയത്. അന്നു കേരള നിയമസഭയിൽ കൊട്ടാരക്കരയിൽ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് ബാലകൃഷ്ണപിള്ള.
ലക്ഷ്മീ നിവാസിലെ യോഗത്തിനു ദിവസങ്ങൾക്കു പിന്നാലെ കോട്ടയം തിരുനക്കര മൈതാനത്ത് 1964 ഒക്ടോബർ ഒന്‍പതിന് ഭാരതകേസരി മന്നത്ത് പത്മനാഭൻ നിലവിളക്ക് തെളിച്ചു കേരള കോണ്‍ഗ്രസ് എന്ന പേരിട്ട രാഷ്ട്രീയ പ്രസ്ഥാനം തുടക്കം കുറിക്കുന്പോൾ തിരുനക്കര മൈതാനം കവിഞ്ഞ ജനക്കൂട്ടമുണ്ടായിരുന്നു.
അന്നത്തെ കോണ്‍ഗ്രസ് കോട്ടയം ജില്ലാകമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും അവരോട് ആഭിമുഖ്യം പുലർത്തുന്ന കർഷക സമൂഹവുമൊക്കെ പുതിയ പാർട്ടിയിൽ വിശ്വാസവും വൈകാരികതയും ഒന്നു ചേർന്ന ആവേശത്തോടെ അണിചേർന്നു. കെ.എം. ജോർജ് ചെയർമാനായി രൂപംകൊണ്ട കേരള കോണ്‍ഗ്രസിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ആർ. ബാലകൃഷ്ണപിള്ളയായിരുന്നു.
ഹാസ്യം, വിമർശനം
ബാലകൃഷ്ണപിള്ളയുടെ ആവേശം വിതറുന്ന തീപ്പൊരി പ്രസംഗത്തിന്റെ വശ്യതയും വിമർശനവും പാർട്ടിക്കു കരുത്തു പകർന്നു. രണ്ടു മണിക്കൂറിലേറെ നീളുന്ന പ്രസംഗം നാലും അഞ്ചും വേദികളിൽ ഒരേ ആവേശത്തോടെ നടത്താനുള്ള കരുത്തും കൈമുതലും പിള്ളയ്ക്കുണ്ടായിരുന്നു.
ഹാസ്യം, വിമർശനം, ആക്ഷേപം എന്നിവയൊക്കെ ചേർന്നു ശബ്ദവ്യതിയാനത്തോടെ മിമിക്രി അവതരണം പോലെ രസകരമായിരുന്നു പിള്ള സ്റ്റൈൽ പ്രസംഗം. ശാന്തമായി സംസാരിച്ചുകൊണ്ടിരിക്കെ കൊള്ളിമീൻപോലെ വാക്ധോരണികളാൽ കത്തിക്കയറുകയും തീക്കുണ്ഡം വർഷിക്കും പോലെ വാക്കുകൾ ചിതറിവീഴിക്കുകയും ചെയ്യുന്ന അസാമാന്യമായ അവതരണശൈലി.
ഏതു വേദിയിലും പിള്ളയച്ചൻ എന്ന ആറടി ഉയരക്കാരൻ മൈക്കിനേക്കാൾ ഒരടി ഉയരത്തിൽ നിവർന്നുനിന്നു സംസാരിക്കാൻ തുടങ്ങിയാൽ ശ്രോതാക്കൾ ചിരിച്ചും ചിന്തിച്ചും കൈയടിച്ചും വശംകെട്ടു പോയിരുന്നു.കോട്ടയത്തു മാത്രമല്ല പാർട്ടിയെ കരുപ്പിടിപ്പിക്കാൻ ബാലകൃഷ്ണപിള്ള നൂറു കണക്കിനു വേദികളിലെ വീറുറ്റ പ്രാസംഗികനായി കടന്നുചെന്നു.
കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ ഇദ്ദേഹത്തിന്റെ നേതൃവൈഭവവും അർപ്പണബോധവും വാക്ധോരണികളും ഏക്കാലവും വലുതായിരുന്നു.കേരള കോണ്‍ഗ്രസിന്റെ പിൽക്കാലത്തെ പിളർപ്പുകളിലൊന്നിൽ 1977ൽ കേരള കോണ്‍ഗ്രസിനു വാലായി ബി എന്ന പേരിൽ സ്വന്തം വിലാസമുള്ള പ്രസ്ഥാനം രൂപീകരിക്കുന്പോൾ കോട്ടയം ജില്ലയിലും മോശമല്ലാതെ നേതാക്കളും അണികളും ഏറെയുണ്ടായിരുന്നു.
തെങ്ങ് അടയാളമാക്കി അക്കാലത്ത് കാഞ്ഞിരപ്പള്ളിയിലും വാഴൂരിലുമൊക്കെ വിവിധ മുന്നണികളിൽ സ്ഥാനാർഥികൾ മത്സരിച്ചിട്ടുണ്ട്.എണ്ണമില്ലാതെ വളർന്നും പിളർന്നും മുന്നേറിയ കേരള കോണ്‍ഗ്രസുകൾ ഭിന്നത മറന്ന് ഒന്നാകണം എന്ന വലിയ ആഗ്രഹം അവസാന കാലഘട്ടങ്ങളിലും ആർ. ബാലകൃഷ്ണപിള്ള പലവേദികളിൽ പങ്കുവച്ചിരുന്നു. ഒന്നിലേറെ തവണ ആ ചർച്ചകളിൽ ബാലകൃഷ്ണപിള്ള എന്ന സ്ഥാപക നേതാവ് കാർമികനാകുകയും ചെയ്തിരുന്നു.
അവസാനം കോട്ടയത്ത്
അടുത്തും അകന്നും കെ.എം. മാണിയുമായി അര നൂറ്റാണ്ടോളം ബന്ധം പുലർത്തിയ ആർ. ബാലകൃഷ്ണപിള്ള അവസാനം കോട്ടയത്ത് വന്നു പോയതു പാലായിൽ മാണിക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരുന്നു. പാലാ-കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടിലെ പഴയകാല രാഷ്ട്രീയ വഴികളെയും വഴിത്തിരിവുകളെയും വൈകാരികമായ വിതുന്പലോടെയാണ് ബാലകൃഷ്ണപിള്ള അന്നു ദീപികയോട് അനുസ്മരിച്ചത്.
ആറടി ഉയരത്തിന്റെ തലയെടുപ്പും നായർ പ്രമാണിത്വവും സ്വന്തമായിരുന്ന ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ശൈലി എന്നും വിവാദങ്ങളുടെ അകന്പടിയിലായിരുന്നു.പഞ്ചാബ് മോഡൽ പ്രസംഗവും ഇടമലയാർ കേസും ജയിലും ആത്മകഥയെഴുത്തും സിനിമ അഭിനയവുമൊക്കൊയി വേറിട്ടൊരു ശൈലി.
കൊന്പനാനകളുള്ള ജൻമി തറവാട്ടിൽ നിന്നാണ് തന്റെ വരവെന്നും രാഷ്ട്രീയക്കളിയിൽ സ്വത്തുക്കൾ വിറ്റതല്ലാതെ നേട്ടമൊന്നുമുണ്ടായില്ലെന്നും പറയാൻ മടിക്കാത്ത ഒറ്റയാൻ. ആർക്കും മുന്നിൽ തലകുനിക്കാത്ത കർക്കശമായ നിലപാടുകാരൻ. കേരള കോണ്‍ഗ്രസിനെ ചലനാത്മകതയുള്ള രാഷ്ട്രീയ പ്രസ്ഥാനമായി വളർത്തുന്നതിലും പ്രാദേശികതലത്തിൽ അതിന്റെ പ്രസക്തി അറിയിക്കുന്നതിലും ബാലകൃഷ്ണപിള്ളയുടെ പങ്കാളിത്തം ഏറെ വലുതായിരുന്നു.