എം.സുരേഷ്ബാബു
തിരുവനന്തപുരം: കേരള കോണ്ഗ്രസ് ബി ഇടതുമുന്നണിയോട് ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ ഒരു സ്ഥാനവും നൽകാമെന്ന് പറഞ്ഞിട്ടില്ലെന്നും കേരള കോണ്ഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള. ഇടതുമുന്നണിയുമായി പാർട്ടി നല്ല ബന്ധത്തിലാണ്. ബന്ധത്തിന് കോട്ടം ഉണ്ടാക്കുന്ന യാതൊരു സംഭവവികാസങ്ങളും ഉണ്ടായിട്ടില്ലെന്നും ബാലകൃഷ്ണപിള്ള രാഷ്ട്രദീപികയോട് പറഞ്ഞു.
തങ്ങളെ എൽഡിഎഫിൽ ഇതുവരെയും എടുത്തിട്ടുകൂടിയില്ല. പിന്നെ എങ്ങനെയാണ് സ്ഥാനമാനങ്ങൾ ആവശ്യപ്പെടുക.
ഇടതുമുന്നണിയോടൊപ്പം സഹകരിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയോട് സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടെന്നും അവർ സ്ഥാനമാനങ്ങൾ നൽകില്ലെന്ന് പറഞ്ഞതായും വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അതൊക്കെ ഓരോരുത്തരുടെയും ഉൗഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്യാബിനറ്റ് പദവിയോടെ മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സ്ഥാനം ആർ.ബാലകൃഷ്ണപിള്ളക്ക് നൽകണമെന്ന് കേരള കോണ്ഗ്രസ് ബി ആവശ്യപ്പെട്ടപ്പോൾ എൽഡിഎഫ് നേതൃത്വം അത് നിരസിക്കുകയും ഇതേ തുടർന്ന് എൽഡിഎഫുമായുള്ള ബന്ധം പിള്ള വിഛേദിക്കുകയാണെന്ന വിധത്തിൽ വാർത്തകൾ പരന്നിരുന്നു. ഇതേക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് അദ്ദേഹം എൽഡിഎഫുമായി നല്ല ബന്ധത്തിലാണെന്നും സ്ഥാനമാനങ്ങൾ ചോദിച്ചിട്ടില്ലെന്നും വ്യക്തമാക്കിയത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുകയും പിന്നീട് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന്് ഉമ്മൻചാണ്ടി സർക്കാരുമായുള്ള ബന്ധം നേരത്തെ കേരള കോണ്ഗ്രസ് ബി ഉപേക്ഷിച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിച്ചാണ് കേരള കോണ്ഗ്രസ് ബി പ്രവർത്തിച്ചിരുന്നത്.ള