രാജപുരം: കേരള ഗ്രാമീണ് ബാങ്കിന്റെ കോളിച്ചാല് ശാഖയില് മുക്കുപണ്ടങ്ങള് പണയംവച്ച് പണം തട്ടിയ സംഭവത്തില് ബാങ്ക് അപ്രൈസറും ഭാര്യയുമടക്കം ആറുപേര്ക്കെതിരേ രാജപുരം പോലീസ് കേസെടുത്തു.
ബാങ്കിലെ അപ്രൈസറായിരുന്ന എരിഞ്ഞിലംകോട് സ്വദേശി ബാലകൃഷ്ണന്, ഭാര്യ സന്ധ്യ, പ്രാന്തര്കാവിലെ രാജന്, കോളിച്ചാല് സ്വദേശികളായ ബിജോയ് കുര്യന്, സുകുമാരന്, ബീംബുങ്കാലിലെ വി. രതീഷ് എന്നിവര്ക്കെതിരെയാണ് മാനേജര് രാജന്റെ പരാതിയെത്തുടര്ന്ന് കേസെടുത്തത്.
2020 നവംബര് മുതല് വിവിധ ദിവസങ്ങളിലായി അപ്രൈസര് ബാലകൃഷ്ണന്റെ നേതൃത്വത്തില് മറ്റുള്ളവരെക്കൊണ്ട് മുക്കുപണ്ടം പണയം വയ്പിച്ച് പണം തട്ടിവരികയായിരുന്നു.
ഈ കാലയളവില് ആകെ 2,10,500 രൂപയാണ് തട്ടിയെടുത്തതെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച ബാലകൃഷ്ണന്റെ ഭാര്യ സന്ധ്യ ബാങ്കില് സ്വര്ണം പണയംവയ്ക്കാനെത്തുകയും ബാലകൃഷ്ണന് ഈ ആഭരണം പരിശോധിച്ച് തൂക്കി പണം കൊടുക്കാന് ശിപാര്ശ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല് ബാങ്കിലെ മറ്റൊരു ജീവനക്കാരന് ഇതില് സംശയം തോന്നിയതിനെത്തുടര്ന്ന് വൈകിട്ട് ബാലകൃഷ്ണന് ഡ്യൂട്ടി കഴിഞ്ഞ് പോയതിനുശേഷം മറ്റൊരു സ്വര്ണപ്പണിക്കാരനെക്കൊണ്ട് ഈ ആഭരണം പരിശോധിപ്പിക്കുകയുമായിരുന്നു.
പരിശോധനയില് ഇത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെയാണ് ക്രമക്കേടുകള് പുറത്തുവന്നത്.
പിന്നീട് ബാങ്കില് പണംവച്ച മുഴുവന് സ്വര്ണവും പരിശോധന നടത്തിയതിനുശേഷമാണ് മാനേജര് പോലീസില് പരാതി നല്കിയത്. ഇതിനിടെ ബാലകൃഷണനും കുടുംബവും വീട് പൂട്ടി ഒളിവില് പോയിരുന്നു.