ആലപ്പുഴ: ദേശീയ പാതയിലൂടെ ലോറിയിൽ കൊണ്ടുവരുന്നതിനിടെ ഇടഞ്ഞ് ലോറിയിൽ നിന്നിറങ്ങി ഓടി വളമംഗലം അനന്തൻകരിയിലെ ചതുപ്പിൽ കുടുങ്ങിയ കൊന്പൻ മുല്ലയ്ക്കൽ ബാലകൃഷ്ണനെ തുരുത്തിൽ നിന്നു പുറത്തെത്തിക്കാൻ ശ്രമം ഉൗർജിതമായി തുടരുന്നു.
ഇന്നലെ ചതുപ്പിൽ നിന്നു കരകയറ്റിയെങ്കിലും രണ്ട് തവണ മയക്കുവെടി വച്ചതിനാൽ അവശനിലയിലായ ആനയെ തുരുത്തിലെ പാലം കടത്തിക്കൊണ്ടുപോകുന്നത് അപകടമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് അനന്തൻകരി തുരുത്തിൽ നിന്നു പുറത്തേക്കുകൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല.
ഇന്ന് വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരുടെ സംഘം ആനയെ പരിശോധിക്കും. ഇതിനുശേഷമാകും തുരുത്തിൽ നിന്നു പുറത്തേക്കുകൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകുക. റിയിൽ നിന്ന് ഇറങ്ങിയോടി വീടുകളും വാഹനവുമൊക്കെ തകർത്ത കൊന്പൻ നിലവിൽ ശാന്തനാണെങ്കിലും മയക്കുവെടിയുടെ സ്വാധീനം വിടുന്നതോടെ വീണ്ടും അക്രമാസക്തനാകുമെന്ന ആശങ്കയുമുണ്ട്.
വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിൽ ആനയെ സുരക്ഷിതമായി ബന്ധിക്കുന്നതിനുള്ള സൗകര്യങ്ങളില്ലാത്തതും ആശങ്കയുയർത്തിയിട്ടുണ്ട്. 14 കുടുംബങ്ങൾ താമസിക്കുന്ന തുരുത്തിൽ നിന്നും പുറത്തേക്ക് കടക്കാനുള്ള മാർഗത്തിനോട് ചേർന്നാണ് നിലവിൽ ആനയെ വടവും ചങ്ങലകളുമുപയോഗിച്ച് മൂന്നു തെങ്ങുകളിലായി തളച്ചിരിക്കുന്നത്.
കൊന്പൻ നിൽക്കുന്ന സ്ഥലം ഇന്നലെ ഉച്ചയോടെ താഴ്ന്നുതുടങ്ങിയിരുന്നു. തുടർന്ന് മണൽ ചാക്കുകളും കല്ലും പാകി മുകളിൽ തെങ്ങിൻ കഴകൾ വിരിച്ച് ബലപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ ആനയെ ഉടൻ മാറ്റണമെന്ന് പോലീസ് നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം അശ്രദ്ധമായി ആനയെ കൈകാര്യം ചെയ്യുന്നതിന് പാപ്പാൻമാരായ അനിൽകുമാർ, റെനി, ശിവദാസപണിക്കർ, ലോറി ഡ്രൈവർ എന്നിവർക്കെതിരേ കുത്തിയതോട് പോലീസ് കേസെടുത്തു.