തളിപ്പറമ്പ്: റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന് കൊലപാതക കേസില്‍ തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് പോലീസിന്റെ എല്ലാ നീക്കങ്ങളും അതീവ രഹസ്യമായതിനാലാണ് പ്രതികള്‍ വലയിലായതെന്ന് പോലീസ്. ഞായറാഴ്ച രാവിലെ തന്നെ പയ്യന്നൂരിലെത്തിയ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍വിയും സഹപ്രവര്‍ത്തകരും ശൈലജയുടെ തായിനേരിയിലെ വീടിന് സമീപം എത്തി നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ലോക്കല്‍ പോലീസിനെ അറിയാക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങള്‍.
ഇന്നലെ രാവിലെ മാത്രമാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലുമായി ബന്ധപ്പെട്ട് പോലീസ് സഹായം ആവശ്യപ്പെട്ടത്. പ്രതികള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് ഉറപ്പുവരുത്തിയ പോലീസ് എട്ടേമുക്കാലോടെയാണ് വീട്ടിനകത്തുകയറി ഇരുവരേയും കസ്റ്റഡിയിലെടുത്തത്. പോലീസ് വീട്ടിനകത്ത് കടന്നപ്പോള്‍ മാത്രമാണ് ശൈലജയും കൃഷ്ണകുമാറും വിവരമറിയുന്നത്. വ്യാജരേഖ ചമച്ച് ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും സ്വത്തും നിക്ഷേപവവും തട്ടിയെടുത്ത കേസില്‍ ഓഗസ്റ്റ് 18 ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാലും പയ്യന്നൂര്‍ സിഐ എം.പി. ആസാദും ഇവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇരുവര്‍ക്കും സെപ്റ്റംബര്‍ 29 നാണ് ജാമ്യം ലഭിച്ചത്.
ശ്വാസംമുട്ടലും രക്തത്തിലെ പഞ്ചസാരയുടെ അളവ് 346 ലെത്തിയും ബെഡ്സോര്മൂലം ശരീരമാസകലം പഴുത്തുപൊട്ടിയും ഗുരുതരാവസ്ഥയിലായ ബാലകൃഷ്ണനെ 2011 സെപ്റ്റംബർ 12നാണ് പ്രതികള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങികൊണ്ടുപോയത്. ചികിത്സിച്ചിരുന്ന ഡോ. ജ്യോതിഷിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചും ബാലകൃഷ്ണനെ നിര്‍ബന്ധമായി ഡിസ്ചാര്‍ജ് വാങ്ങിക്കൊണ്ടുപോയി. ഐസിയു ആംബുലന്‍സിന് പകരം സാധാരണ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പാള്‍ തുള്ളിവെള്ളംപോലും നല്‍കിയില്ല.
ആംബുലന്‍സിന് സഞ്ചരിക്കാന്‍ അഞ്ചുമണിക്കൂര്‍പോലും വേണ്ടെന്നിരിക്കെ തിരുവനന്തപുരത്തുനിന്ന് ബാലകൃഷ്ണനുമായി കൊടുങ്ങല്ലൂരെത്താന്‍ പ്രതികള്‍ 11 മണിക്കൂറിലേറെ ചെലവഴിച്ചത് ബോധപൂര്‍വമാണെന്ന നിഗമനത്തിലാണ് പോലീസെത്തിയത്. ശ്വാസംമുട്ടല്‍ കൂടിയതിനെ തുടർന്ന് മാര്‍ഗമധ്യേ ബാലകൃഷ്ണന് മരിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ മരിച്ചതിനാല്‍ പോലിസ് ക്ലിയറന്‍സ് ആവശ്യപ്പെട്ട കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലെ ഡോക്ടറാണ് പ്രതികളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. ഒപ്പിട്ട ചെക്കുപയോഗിച്ച് കൊടുങ്ങല്ലൂര്‍ കാനറ ബാങ്കില്‍നിന്ന് 20,000 രൂപ പിന്‍വലിക്കുകയാണ് ബാലകൃഷ്ണന് മരിച്ചയുടന്‍ പ്രതികള്‍ ചെയ്തത്. തുടര്‍ന്ന് ബാലകൃഷ്ണന്റെ മൃതദേഹം ഉറ്റവരാരുമറിയാതെ ഷൊര്‍ണൂര്‍ ശാന്തികവാടത്തില്‍ എത്തിച്ച് സംസ്കരിച്ചു.
രണ്ട് ആശുപത്രികള്‍, ബാങ്ക്, കൊടുങ്ങല്ലൂര്‍ പോലിസ് സ്റ്റേഷന്, ഷൊര്‍ണ്ണൂര്‍ ശാന്തികവാടം എന്നിവിടങ്ങളില്‍ വലിയമ്മയുടെ മകന്നെ വ്യാജ ബന്ധുത്വമവകാശപ്പെട്ടാണ് കൃഷ്ണകുമാര്‍ കാര്യങ്ങള്‍ സാധിച്ചത്. കൂടാതെ അവിവാഹിതനായ ബാലകൃഷണന്റെ ഭാര്യയെന്ന വ്യാജേന ഷൈലജയുടെ ജ്യേഷ്ഠത്തി ജാനകിയെകൊണ്ട് ഏഴുവര്‍ഷമായി പെന്‍ഷനും സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും വാങ്ങിപ്പിച്ചു. ബാലകൃഷ്ണനെ നിര്‍ബന്ധമായി ഡിസ്ചാര്‍ജ് മുതലുള്ള നടപടികള്‍ കൊലപാതകത്തിന് തുല്യമാണെങ്കിലും അജ്ഞാത ആശുപത്രിയില്‍ പാര്‍പ്പിച്ച് സ്വത്ത് തട്ടിയെടുക്കാനല്ലാതെ കൊല്ലാന്‍ പ്രതികള്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല.
അതുകൊണ്ടാണ് കൊലപാതകം ഒഴിവാക്കി മറ്റുവകുപ്പുകള്‍ ഉള്‍പ്പെടുത്തിയത്. ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍വി, എസ്ഐ വിജയന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളുമായി ബാലകൃഷ്ണന്റെ തൃച്ഛംബരത്തെ പഴയ തറവാട്ട് വീട്ടിലെത്തിയും പോലീസ് തെളിവെടുത്തു.ജാനകിയെ വിവാഹം കഴിച്ച് ബാലകൃഷ്ണന് ഈ വീട്ടിലാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴിനല്‍കിയിരുന്നു. പ്രതികളെ ഇന്ന് കൊടുങ്ങല്ലൂര്‍ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കും.