പയ്യന്നൂര്‍: തിരുവനന്തപുരത്തെ മുന്‍ റിട്ട.ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ചംമ്പരത്തെ പി.ബാലകൃഷ്ണന്റെ മരണവും സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസ് നിയമോപദേശം തേടി. തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പൂര്ത്തീകരണത്തിലെത്തിയതിനെ തുടര്‍ന്നാണ് പരേതന്റെ സ്വത്ത് തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ടവരെകൂടി പ്രതിചേര്‍ക്കാന്‍ പയ്യന്നൂര്‍ പോലീസ് നടപടികളാരംഭിച്ചത്. ഇതിനായി കേസന്വേഷണ ചുമതലയുള്ള സ്റ്റേഷന് എസ്എച്ച്ഒ കെ.വിനോദ്കുമാര്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.
കൃത്രിമ വിവാഹ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റുൾപ്പെടെ മറ്റു കൃത്രിമ രേഖകള്‍ നിര്‍മിച്ച് നല്കിയവര്, വ്യാജ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് നല്കിയ വില്ലേജ് ഓഫീസര്‍, ബാലകൃഷ്ണന്റെ വിധവയെന്ന പേരില്‍ പെന്ഷന് തരപ്പെടുത്തി സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയവര്‍, ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുന്നതിന് കൂട്ടുനിന്നവര്‍, ബാലകൃഷ്ണന്റെ സ്ഥലത്തെ ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയവര്‍ എന്നിവരെ കൂടി കേസിന്റെ സുഗമമായ നടപടിക്രമത്തിന്റെ ഭാഗമായി പ്രതിപട്ടികയിലുള്പ്പെടുത്തുന്നതിനായാണ് പോലീസ് നിയമോപദേശം തേടിയത്.
ബാലകൃഷ്ണന്റെ മരണം അദ്ദേഹത്തിന്റെ കോടികള്‍ ആസ്തിയുള്ള സ്വത്തുവകകള്‍ തട്ടിയെടുക്കുന്നതിനായി ആസൂത്രണം ചെയ്താണെന്ന് സംശയിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണമാണ് ബാലകൃഷ്ണന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവന്നത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരിലെ അഭിഭാഷകയും ഭര്‍ത്താവും ബന്ധുക്കളെന്ന വ്യാജേനയെത്തി നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി യാതൊരുവിധ സജ്ജീകരണങ്ങളുമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടയിലാണ് 2011 സെപ്റ്റംബര്‍ 12ന് കൊടുങ്ങല്ലൂരില്‍വെച്ച് ബാലകൃഷ്ണന് മരിക്കുന്നതെന്ന് ആശുപത്രി രേഖകളിലൂടെ പോലീസിന് വ്യക്തമായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുകയോ മരണവിവരം ബന്ധുക്കളേയോ ഭാര്യയെന്ന് അവകാശവാദമുന്നയിച്ചിരുന്ന കോറോത്തെ കെ.വി.ജാനകിയേയോ അറിയിക്കുകയോ ചെയ്യാതെ ഷൊര്‍ണൂരിലെ ശാന്തിതീരം ശ്മശാനത്തിലാണ് സംസ്കരിച്ചതെന്നും പോലീസ് കണ്ടെത്തി.
പിന്നീട് തെളിവെടുപ്പിനായി എഎസ്ഐ എന്‍.കെ.ഗിരീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ രാജേഷ് അരവന്‍ചാല്‍, രാഘവന് ശ്രിസ്ഥ, സിപിഒ രതീഷ്, ഡ്രൈവര്‍ മനേഷ് എന്നിവരടങ്ങിയ സംഘം വനിതാ പോലീസ് സുനിത ഫെര്‍ണാണ്ടസിന്റെ സഹായത്തോടെ കണ്ണൂര്‍,പാലക്കാട്, തൃശൂര്‍,തിരുവനന്തപുരം ജില്ലകളിലായി പ്രതികളുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
അഭിഭാഷകയ്ക്കും ഭര്‍ത്താവിനുമെതിരെ ശക്തമായ തെളിവുകള്‍ ഇതിനകം പോലീസ് കണ്ടെത്തിയിരുന്നു. ഈ കാലഘട്ടത്തില്‍തന്നെ പയ്യന്നൂരിലെ അഭിഭാഷകയുടെ സഹോദരിയായ ജാനകിയെ ബാലകൃഷ്ണന് 1980 എപ്രില്‍ 27ന് വിവാഹം ചെയ്തതായി കൃത്രിമരേഖകളുണ്ടാക്കി അതിന്റെ പിന്‍ബലത്തില്‍ പിന്തുടര്ച്ചാവകാശ സര്‍ട്ടിഫിക്കറ്റുമുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തിരുന്നു.
പിന്തുടര്ച്ചാവകാശപ്രകാരം ജാനകിയുടെ പേരിലേക്ക് കിട്ടുന്ന ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ ജാനകിയുടെ സഹോദരിയായ അഭിഭാഷകയ്ക്ക് കിട്ടത്തക്കവണ്ണം ജാനകിയെകൊണ്ട് എഴുതി വെപ്പിച്ചിരുന്ന ഒസ്യത്തുംപോലീസ് കണ്ടെത്തി. ഇത്തരം കാര്യങ്ങളെല്ലാം കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന വ്യക്തമായ സൂചനകളായി പോലീസ് കണ്ടെത്തിയിരുന്നു.
ഇതേതുടര്‍ന്ന് മുമ്പ് കേസന്വേഷണ ചുമതലയുണ്ടായിരുന്ന പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി.ആസാദ് കൊലപാതകം, കൃത്രിമരേഖ ചമയ്ക്കല്‍, ഗൂഡാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.അഭിഭാഷകയായ ഷൈലജയേയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും ജാനകിയേയും ഈ സംഭവത്തില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഭിഭാഷകയേയും ഭര്‍ത്താവിനേയും റിമാൻഡ് ചെയ്ത പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി എഴുപതുകാരിയായ ജാനകിക്ക് ജാമ്യവും അനുവദിച്ചിരുന്നു.
കേരളത്തിന്റെ വിവധ ഭാഗങ്ങളിലായി നടന്ന സംഭവമാകയാല്‍ കൊടുങ്ങല്ലൂര്‍ പോലീസിന് കൈമാറിയ കേസ് തൃശൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോക്ക് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി നടത്തിവന്ന അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് സംഭവവുമായി ബന്ധമുള്ളവരേയും കേസില്‍ പ്രതി ചേര്‍ക്കുന്നത്.