ചെന്നൈ: പ്രമുഖ സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണൻ (69) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നു ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം.
പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയിലാണ് ജനനം. 1975ലാണ് അദ്ദേഹം സംഗീത ജീവിതം ആരംഭിക്കുന്നത്. വെസ്റ്റേണ്‍ സംഗീതോപകരണങ്ങളിലും ബാലകൃഷ്ണൻ പ്രാമുഖ്യം നേടിയിട്ടുണ്ട്. റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലാണ് ആദ്യമായി സംഗീതം ചിട്ടപ്പെടുത്തുന്നത്.
ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി, മഴവിൽകൂടാരം എന്നീ പ്രസിദ്ധ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ് ബാലകൃഷ്ണൻ. ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവരാണ് മക്കൾ. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ.