പയ്യന്നൂര്‍: ടെലിവിഷന്‍ കേബിളിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടയില്‍ ചവിട്ടും തള്ളുമേറ്റ് വീണ് ഗുരുതരമായി പരിക്കേറ്റ വിമുക്തഭടന് മരിച്ചു.വെള്ളൂര്‍ കണിയേരി കൊഴുന്തുംപടി ക്ഷേത്രത്തിന് സമീപത്തെ കാമ്പ്രത്ത് ബാലകൃഷ്ണൻ (68)ആണ് മരിച്ചത്. സംഭവത്തിൽ അയല്‍വാസിയായ കൂലേരിക്കാരന്‍ സന്തോഷിനെ(46) പയ്യന്നൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ ഹരിപ്രസാദ് അറസ്റ്റുചെയ്തു.
ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ബാലകൃഷ്ണന്റെ വീട്ടിലെ ടിവിയില്‍ ദൃശ്യങ്ങള്‍ വ്യക്തമാകുന്നില്ലെന്ന പരാതിയുണ്ടായിരുന്നു. സന്തോഷിന്റെ വീട്ടുവളപ്പിലൂടെയാണ് കേബിൾ കൊണ്ടുവന്നിരുന്നത്. സന്തോഷ് കേബിള്‍ മുറിച്ചുവെന്ന ആരോപണത്തെ ചൊല്ലിയാണ് അയല്‍വാസികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ രാത്രിയില്‍തന്നെ കേബിള്‍ ശരിയാക്കിയിരുന്നു.
അതിനിടയിലും വാക്കേറ്റം മുറുകിയപ്പോള്‍ കേബിള്‍ ഓപ്പറേറ്റര്‍മാരാണ് ബാലകൃഷ്ണനെ പിന്തിരിപ്പിച്ചത്. വാക്കേറ്റം തുടര്‍ന്നപ്പോള്‍ ബാലകൃഷ്ണനെ ഭാര്യവന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ സന്തോഷിന്റെ ചവിട്ടും തള്ളുമേറ്റ് ബാലകൃഷ്ണൻ കല്ലില്‍ തലയിടിച്ച് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടന്‍തന്നെ പരിസരവാസികള്‍ ചേര്‍ന്ന് ബാലകൃഷ്ണനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ ബാലകൃഷ്ണന് മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.പയ്യന്നൂർ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയി.
ഇടച്ചേരി രുഗ്മിണിയാണ് ബാലകൃഷ്ണന്റെ ഭാര്യ. മക്കള്‍: രഞ്ജിത്ത്, ശ്രിജിത്ത് (മസ്കറ്റ്), സ്മിത(പാലക്കാട്). മരുമക്കള്‍: സിന്ധു, രശ്മി(മസ്കറ്റ്), ജയന് (പ്രിന്‍സിപ്പൽ ചിന്മയ വിദ്യാലയം, പാലക്കാട്). സഹോദരങ്ങള്‍: കാര്‍ത്യായനി, ജാനകി, കുസുമം, രാധ, ശശിധരന്.