പയ്യന്നൂര്‍: കോടികളുടെ ആസ്തിയുള്ള തിരുവനന്തപുരത്തെ മുന്‍ റിട്ട.ഡപ്യൂട്ടി സഹകരണ രജിസ്ട്രാറായിരുന്ന തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ രണ്ടുവര്‍ഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. ഇക്കാര്യത്തില്‍ ഉന്നത ഇടപെടല്‍ നടക്കുന്നുവെന്ന ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
2017 ജൂലൈയില്‍ രജിസ്റ്റർ ചെയ്ത കേസന്വേഷണം ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തോടെയാണ് നിലച്ചത്. കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനായി സര്‍ക്കാരില്‍നിന്നും നിയമോപദേശം ലഭിക്കുന്നതിലുള്ള കാലതാമസമാണ് കുറ്റപത്ര സമര്‍പ്പണവും തുടര്‍ നടപടികളും വൈകുന്നതിനിടയാക്കുന്നതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. എന്നാല്‍ കേസന്വേഷണം വൈകിപ്പിക്കുന്നതിനും ഇതിനിടയില്‍ വഴിതിരിച്ച് വിടുന്നതിനും ചില ഉന്നത കേന്ദ്രങ്ങൾ ശ്രമം നടത്തുന്നതയാണ് ആക്ഷൻ കമ്മിറ്റിയുടെ ആരോപണം.
പരേതന്റെ സ്വത്തുള്ള സ്ഥലങ്ങളിലെല്ലാം നിലവിലുള്ള പ്രാദേശിക ആക്ഷന്‍ കമ്മിറ്റികളും പരേതന്റെ ചെന്നൈയിലുള്ള ബന്ധുക്കളും ചേര്‍ന്നുള്ള സംയുക്ത യോഗം അടുത്ത ദിവസം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പത്മന് കോഴൂര്‍ പറഞ്ഞു.തിരുവനന്തപുരം പേട്ടയിലെ വലിയ വീട് ലൈനില്‍ താമസിച്ചു വരികയായിരുന്ന തളിപ്പറമ്പ് തൃച്ചംബരത്തെ പരേതനായ കുഞ്ഞമ്പു നായരുടെ മകന് ബാലകൃഷ്ണന്റെ ദുരൂഹ മരണവും തുടര്‍ന്ന് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ ഉന്നതരുടെ ഒത്താശയോടെ നടത്തിയ കോടികളുടെ സ്വത്ത് തട്ടിപ്പും വന്‍ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു.
ബാലകൃഷ്ണന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്ത് വകകള്‍ക്ക് പുതിയ അവകാശികള്‍ രംഗത്തെത്തിയിരുന്നു. ഇതിൽ സംശയം ഉയർന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത പോലീസിന്റെ അന്വേഷണത്തിലാണ് ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് ചില ദൂരൂഹതകൾ ഉണ്ടെന്ന് കണ്ടെത്തിയത്.
സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് അന്നത്തെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ സിഐ എം.പി.ആസാദും ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം തൃശൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്ബിയുമാണ് നടത്തിയത്.
കൊലപാതകം, കൃത്രിമരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ പയ്യന്നൂരിലെ അഭിഭാഷകയായ കെ.വി.ഷൈലജയേയും ഭര്‍ത്താവ് കൃഷ്ണകുമാറിനേയും അഭിഭാഷകയുടെ സഹോദരി കോറോത്തെ കെ.വി.ജാനകിയേയും അറസ്റ്റ് ചെയ്തിരുന്നു. പരേതന്റെ പിന്തുടര്‍ച്ചക്കാരിയെന്ന് തെളിയിക്കുന്നതിനായി രേഖകള്‍ സംഘടിപ്പിക്കുവാന്‍ സഹായിച്ച പയ്യന്നൂര്‍ കേളോത്ത് സ്വദേശി കെ.വി.സോമനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പയ്യന്നൂരിലെ അഭിഭാഷക കെ.വി ഷൈലജയും ഭര്‍ത്താവ് കൃഷ്ണകുമാറും ചേര്‍ന്ന് ബന്ധുക്കളെന്ന വ്യാജേനയെത്തി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങിച്ച് നാട്ടിലേക്കെന്നു പറഞ്ഞ് കൊണ്ടുവരികയായിരുന്നു. യാത്രാ മധ്യേ കൊടുങ്ങല്ലൂരെത്തെിയപ്പോള് ബാലകൃഷ്ണന് മരണപ്പെടുകയായിരുന്നുവെന്നും ആരേയുമറിയിക്കാതെ ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്കരിക്കുകയായിരുന്നുവെന്നുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
പ്രായാധിക്യം പരിഗണിച്ച് എഴുപത്കാരിയായ ജാനകിക്ക് ജാമ്യമനുവദിച്ച കോടതി മറ്റുള്ളവരെ റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ അഭിഭാഷകയേയും ഭര്‍ത്താവിനേയും കൊലപാതക കുറ്റത്തിന് ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി പയ്യന്നൂര്‍ തായിനേരിയിലെ വീട്ടിലെത്തിയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധമുള്ളവരേയും കേസില്‍ പ്രതി ചേര്‍ക്കുന്നതിനായി നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് അന്നത്തെ തളിപ്പറമ്പ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുൾപ്പെടെ ചിലർ തട്ടിപ്പിന് കൂട്ടു നിന്നതായി കണ്ടെത്തുകയും ഇവരെ പ്രതി ചേർക്കുകയും ചെയ്തിരുന്നു.
ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം പൂര്‍ത്തീകരിച്ച ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബാലകൃഷ്ണന്റെ മരണത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിരുന്നതായും പ്രതികള്‍ കോടികളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തിയിരുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു.
സഹോദരി ജാനകിക്ക് പിന്തുടര്‍ച്ചാവകാശത്തിലൂടെ വന്നുചേര്‍ന്നേക്കാവുന്ന എല്ലാ സ്വത്തും അഭിഭാഷകയായ ഷൈലജയിലേക്ക് എത്തുന്ന രീതിയില്‍ വില്‍പത്രമുണ്ടാക്കി രജിസ്റ്റര്‍ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വ്യാജരേഖകളുണ്ടാക്കി പരേതന്റെ ഭാര്യയായി ജാനകിയെ മാറ്റുകയും അതിലൂടെ വന്നുചേരുന്ന ബാലകൃഷ്ണന്റെ കോടികള്‍ ആസ്തിയുള്ള സ്വത്തുവകകള്‍ ജാനകിപോലുമറിയാതെ സ്വന്തമാക്കാനുള്ള നീക്കമാണ് അഭിഭാഷകയും ഭർത്താവും ചെയ്തതെന്നാണ് പോലീസ് നിഗമനം.
വ്യാജരേഖകളുടെ ബലത്തില്‍ പരിയാരം അമ്മാനപ്പാറയിലെ ആറേക്കര്‍ ഭൂമി അഭിഭാഷകയുടെ പേരിലേക്കാക്കിയിരുന്നതായും തിരുവനന്തപുരത്തെ വീടും സ്ഥലവും വില്‍പ്പന നടത്തിയതായും കണ്ടെത്തിയിരുന്നു. ബാലകൃഷ്ണന് മരിച്ചതിന്റെ മൂന്നാം ദിവസം തിരുവനന്തപുരത്തെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പ്രതികള്‍ വിട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന രേഖകള്‍ എടുത്തു കൊണ്ടുപോയതായും കണ്ടെത്തിയിരുന്നു.
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി,പോലീസ് സ്റ്റേഷന് ,ബാലകൃഷ്ണന്റെ മൃതദേഹം സ്ംസ്കരിച്ച ഷൊര്‍ണൂര്‍ ശാന്തിതീരം, ബാലകൃഷ്ണന്റെ തിരുവനന്തപുരം പേട്ടയിലെ വീട്, ബാലകൃഷ്ണന് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി, ജോലി ചെയ്തിരുന്ന എജി ഓഫീസ്,സഹകരണ വകുപ്പ് ഓഫീസ്, പരിയാരം അമ്മാനപ്പാറ, തളിപ്പറമ്പ് തൃച്ചംബരം, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് തെളിവെടുപ്പ് പൂര്‍ത്തീകരിച്ചിരുന്നത്.
എന്നാല്‍ പിന്നീട് കേസന്വേഷണവും തുടര്‍നടപടികളും അനിശ്ചിതത്വത്തിലാവുകയായിരുന്നു. അതേ സമയം ബാലകൃഷ്ണന്റെ പിതാവ് ഡോ.കുഞ്ഞമ്പു നായരുടെ സ്വത്ത് വകകള്‍ ചിലര്‍ കൈയടക്കി വച്ചിരിക്കുന്നതായും മക്കള്‍ നേരത്തെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.