കാസര്‍ഗോഡ്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാലിന്റെ പിതാവ് ബേക്കല്‍ ടി.ടി. റോഡ് ഗിരീഷ് ഭവനിലെ വി.പി. ബാലകൃഷ്ണന് (63) കാറിടിച്ചു മരിച്ചു.
തൃക്കണ്ണാട്ടെ കടയില്‍നിന്നു വീട്ടിലേക്ക് മടങ്ങുമ്പോള്‍ വ്യാഴാഴ്ച രാത്രി ഏഴരയോടെ കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാനപാതയില്‍ തൃക്കണ്ണാട് പെട്രോള്‍പമ്പിന് സമീപത്തുവച്ചാണ് കാസര്‍ഗോഡ് ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ഇടിച്ചത്.
ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലും എത്തിച്ചെങ്കിലും രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു.
ഇടിച്ച കാര്‍ കാസര്‍ഗോഡ് ഉപ്പള ഭാഗത്തുനിന്നുള്ളതാണെന്ന് സൂചന ലഭിച്ചതായി ബേക്കല്‍ പോലീസ് അറിയിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിനു മുമ്പാകെ നൽകിയ മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ നേരിട്ടും ഫോണിലൂടെയും സ്വാധീനിക്കാന്‍ ശ്രമിച്ചതും പിന്നീട് വീട്ടിലെത്തി വധഭീഷണി മുഴക്കിയതും വിവാദമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കെ.ബി. ഗണേഷ്കുമാര് എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്രദീപ് കോട്ടാത്തലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ പോലീസ് അന്വേഷണം ഇഴയുകയാണെന്നു കാണിച്ച് അടുത്തിടെ വിപിന്‍ലാല്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തി രഹസ്യമൊഴി നൽകുകയും ചെയ്തിരുന്നു.
തൃക്കണ്ണാട്ടെ കോണ്‍ക്രീറ്റ് കട്ടിള-ചെടിച്ചട്ടി വില്പനശാലയിലാണ് ബാലകൃഷ്ണന് ജോലിചെയ്തിരുന്നത്. ഭാര്യ: ലതാദേവി. മക്കള്‍: വിപിന്‍ ലാല്‍ (നിയമവിദ്യാര്‍ഥി), അരുണ്‍ലാല്‍ (ഇന്ത്യന്‍ ആര്‍മി, ഝാന്‍സി).