പെരിയ: തന്റെയും പാര്‍ട്ടിയുടെയും പേരില്‍ പണപ്പിരിവ് നടത്താന്‍ ഉത്തരവാദപ്പെട്ട ഭാരവാഹികള്‍ എന്ന പേരില്‍ ചിലര്‍ ദുബായില്‍ എത്തിയതായി അറിഞ്ഞിട്ടുണ്ടെന്നും അത്തരം ആളുകളുടെ കെണിയില്‍പ്പെടാതിരിക്കാന്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ.
ഉദുമയില്‍ ബാലകൃഷ്ണന് ജയസാധ്യതയുള്ളതായ സൂചനകളുടെ അടിസ്ഥാനത്തില്‍ എംഎല്‍എ എന്ന നിലയിലുള്ള സഹായങ്ങള്‍ മുന്‍കൂട്ടി വാഗ്ദാനം ചെയ്ത് ചിലര്‍ പണപ്പിരിവ് നടത്തുന്നതായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ബാലകൃഷ്ണന്റെ പ്രതികരണം.
ഇതേസമയത്തുതന്നെ ദുബായില്‍ എത്തിയിട്ടുള്ള ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന് എതിരായ ഒളിയമ്പായും ബാലകൃഷ്ണന്റെ പ്രതികരണം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
നേരത്തേ ഉദുമ സീറ്റിനായി രംഗത്തുണ്ടായിരുന്ന ഹക്കീം കുന്നില്‍ ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
പിന്നീട് ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചെങ്കിലും അണിയറയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന.
ഉദുമയില്‍ ബാലകൃഷ്ണന് ജയസാധ്യതയില്ലെന്ന തരത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയതായും വാര്‍ത്തകളുണ്ടായിരുന്നു.
പിന്നീട് ഹക്കീം കുന്നില്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. ബാലകൃഷ്ണന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.