തിരുവനന്തപുരത്തു ചികിത്സയില്‍ കഴിയുന്നയാളെ ബന്ധുക്കളായി ചമഞ്ഞെത്തിയ സംഘം നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജാക്കി കൊണ്ടുവരുന്നതിനിടയില്‍ രോഗി മരിക്കുന്നു.
ബന്ധുക്കളെ പോലും അറിയിക്കാതെ മൃതദേഹം സംസ്കരിക്കുന്നു. തുടര്‍ന്നു മരിച്ചയാളുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കോടികളുടെ ആസ്തിയുള്ള സ്വത്തുക്കളുടെ രേഖകള്‍ കൈവശപ്പെടുത്തുന്നു.
പിന്നീട് പരേതന് വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കി പിന്തുടര്ച്ചാവകാശ നിയമമുപയോഗിച്ചു സ്വത്തുവകകള്‍ തട്ടിയെടുക്കുക.
ഇങ്ങനെ കേട്ടുകേള്‍വിപോലുമില്ലാത്ത കുടില തന്ത്രങ്ങളിലൂടെ കോടികളുടെ വസ്തുവകകള്‍ കൈക്കലാക്കിയ ആ സംഭവത്തിനു പിന്നീട് എന്തു സംഭവിച്ചു.
നാട്ടുകാരുടെ സംശയം
തിരുവനന്തപുരത്തെ മുന്‍ റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാറായിരുന്ന കണ്ണൂർ തളിപ്പറമ്പ് തൃച്ചംമ്പരത്തെ പി. ബാലകൃഷ്ണന്റെ (80) സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.
2017 ജൂലൈയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം പേട്ടയിലെ വലിയ വീട് ലൈനില്‍ താമസിച്ചു വരികയായിരുന്ന ബാലകൃഷ്ണന്റെ മരണ ശേഷം പരേതന്റെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്ത്വകകള്ക്കു പുതിയ അവകാശികള്‍ രംഗത്തെത്തിയതോടെയാണ് നാട്ടുകാരില്‍ സംശയമുദിച്ചത്.
ഇതേത്തുടര്‍ന്നു നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത പോലീസിന്റെ അന്വേഷണത്തിലാണ് ബാലകൃഷ്ണന്റെ മരണത്തിനു പിന്നിലെ ദുരൂഹതകളുടെ മറനീക്കിയത്.
അഭിഭാഷകയും സംഘവും
സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലും ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച അന്വേഷണം തൃശൂര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്ബിയുമാണ് നടത്തിയത്.
കൊലപാതകം, കൃത്രിമരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ പയ്യന്നൂരിലെ അഭിഭാഷകയായ കെ.വി. ഷൈലജ, ഭര്‍ത്താവ് കൃഷ്ണകുമാര്‍, അഭിഭാഷകയുടെ സഹോദരി കോറോത്തെ കെ.വി. ജാനകി, പരേതന്റെ പിന്തുടര്ച്ചക്കാരിയെന്നു തെളിയിക്കുന്നതിനായി രേഖകള്‍ സംഘടിപ്പിക്കാന്‍ സഹായിച്ച പയ്യന്നൂര്‍ കേളോത്ത് സ്വദേശി കെ.വി. സോമന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രായാധിക്യം പരിഗണിച്ചു ജാനകിക്കു ജാമ്യമനുവദിച്ച കോടതി മറ്റുള്ളവരെ റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെയും ഭര്‍ത്താവിനെയും കൊലപാതകക്കുറ്റത്തിനു ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോ ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി പയ്യന്നൂര്‍ തായിനേരിയിലെ വീട്ടിലെത്തി വീണ്ടും അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധമുള്ളവരെയും കേസില്‍ പ്രതി ചേര്‍ക്കാനായി നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് അന്നത്തെ തളിപ്പറമ്പ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, തട്ടിപ്പിനു കൂട്ടുനിന്നവര്‍ എന്നിവരെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. പ്രതികളുടെ ആരെയും അന്പരപ്പിക്കുന്ന നീക്കങ്ങൾ നടന്നത് ഇങ്ങനെ…. (തുടരും)