കൊട്ടാരക്കര: മുന്നോക്ക വികസന കോർപറേഷൻ ചെയർമാനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ബാലകൃഷ്ണ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേരള കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 1960 ൽ ഇരുപത്തിയഞ്ചാം വയസിൽ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ബി ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.
കൊട്ടാരക്കരയിലെ വീട്ടിലും എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫീസിലും പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാളകത്തെ വീട്ടുവളപ്പിൽ.
ഭാര്യ ആർ. വത്സല നേരത്തെ മരിച്ചു. മക്കൾ: മുൻ മന്ത്രിയും ചലച്ചിത്രതാരവും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാർ, ഉഷ മോഹൻദാസ്, ബിന്ദു ബാലകൃഷ്ണൻ. മരുമക്കൾ: ബിന്ദു ഗണേഷ് കുമാർ, മോഹൻദാസ്, പി. ബാലകൃഷ്ണൻ.
1935 മാർച്ച് എട്ടിന് കൊല്ലം കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ള- കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായാണ് ജനനം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയ ബാലകൃഷ്ണപ്പിള്ള ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 1964ൽ കേരള കോൺഗ്രസിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായി.