തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടന്നത് ജനാധിപത്യത്തിന് യോജിക്കാത്ത നടപടിയെന്ന് കേരള കോണ്ഗ്രസ്- ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. യോഗത്തിനുശേഷം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ കെ.ബി. ഗണേഷ്കുമാർ അപമര്യാദയായി പെരുമാറിയിട്ടില്ല. മാധ്യമങ്ങളെ കൂക്കിവിളിക്കുന്നത് എത്ര വലിയ താരമാണെങ്കിലും ശരിയല്ലെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.
അമ്മയുടെ ജനറൽ ബോഡി യോഗത്തിനുശേഷം ഭാരവാഹികൾ നടത്തിയ പത്രസമ്മേളനം അത്യന്തം നാടകീയമായ രംഗങ്ങൾക്കു വേദിയായിരുന്നു. മാധ്യമ പ്രവർത്തകരിൽ നിന്നുയർന്ന ചോദ്യശരങ്ങളിൽ രോഷാകുലരായ ഭാരവാഹികളിൽ ചിലർ നിയന്ത്രണം വിട്ടപോലെ ഇരിപ്പിടം വിട്ടെഴുന്നേറ്റു തട്ടിക്കയറി. അതേസമയം, പത്രസമ്മേളന ഹാളിലുണ്ടായിരുന്ന മറ്റു താരങ്ങൾ ആരവം മുഴക്കി ഇവർക്കു പിന്തുണ നൽകുകയായിരുന്നു.