കൊട്ടാരക്കര: എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും സമദൂരമാണ് സംഘടനയുടെ നിലപാടെന്നും കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് മാറ്റത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എൻഎസ്എസിന് രാഷ്ട്രീയമില്ലെങ്കിലും അതിലുൾപ്പെട്ടവർക്ക് ഏതു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം. കേരള നവോഥാനത്തിൽ മുഖ്യപങ്ക് എൻഎസ്എസിനും മന്നത്തു പത്മനാഭനുമുണ്ട്. ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി മുൻപന്തിയിൽ സമരം നയിച്ച വ്യക്തിയായിരുന്നു മന്നത്തു പത്മനാഭൻ
കേരളത്തിൽ ഇടതുപക്ഷം ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കാലത്തെ പിന്നോട്ടു നയിക്കുന്ന പ്രതിലോമശക്തികളെ നേരിടാൻ അവർക്കു മാത്രമെ കഴിയു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ മുന്നേറ്റം നടത്തും. മാവേലിക്കര, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ജനവിധി ഇടതു പക്ഷത്തിന് അനുകൂലമായിരിക്കും.
കേരള കോൺഗ്രസ്(ബി)ക്ക് സ്വാധീനമുള്ള മേഖലകളിൽ ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ അതിനുദാഹരണമാണ്. ബിജെപിയുടേത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്.
കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ പോലും ഇക്കുറി അവർക്ക് ലഭിക്കില്ല. ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടുകളുടെ ഏകീകരണം എൽഡിഎഫിന് അനുകൂലമായി ഉണ്ടാകുമെന്നും പിള്ള പറഞ്ഞു. ക്ഷേത്രങ്ങളിൽ കാണിക്കയർപ്പിക്കരുതെന്നു പറഞ്ഞ ഏക സംഘടനയാണ് ബിജെപിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻസിപിയുമായി ലയന ചർച്ച നടക്കുന്നില്ലെന്നും മകൻ ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ചോദ്യങ്ങൾക്കു മറുപടിയായി പിള്ള പറഞ്ഞു. മകനെ പിടിച്ചു കൊണ്ടുപോയി മന്ത്രിയാക്കാൻ ആരും ശ്രമിക്കേണ്ടെന്നും തങ്ങളുടെ പാർട്ടി തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.