അടിമാലി: ബീഫ് നിരോധനവും മറ്റു സംഭവവികാസങ്ങളും ന്യുനപക്ഷത്തിനുമേലുള്ള പരാക്രമമാണെന്നു കേരള കോണ്‍ഗ്രസ് -ബി അധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ള. ഇതോടെ ന്യൂനപക്ഷ വർഗീയതയെപ്പറ്റി പറയാൻ മോദിക്കോ സംഘപരിവാർ ശക്തികൾക്കോ അവകാശമില്ലെന്ന് അടിമാലിയിൽ കെടിയുസി -ബി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ഗോമാതാവിന്റെ പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കിയതെങ്കിൽ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതു വിലക്കിയതിന്റെ യുക്തി മനസിലാകുന്നില്ല. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് തട്ടുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യുന്ന രീതിയാണിത്. മതപരമായ വെല്ലുവിളികൂടിയാണ് ഇതിൽനിന്നു വ്യക്തമാകുന്നത്.
പശുനിരോധനത്തിൽ മോദിക്കു മാതൃക കോണ്‍ഗ്രസാണ്. മധ്യപ്രദേശിൽ നിരോധനം കൊണ്ടുവന്നത് ഉയർത്തിക്കാട്ടി ബാലകൃഷ്ണപിള്ള കോണ്‍ഗ്രസിനെയും വിമർശിച്ചു. കൈപ്പത്തി മുതലാളിമാർ അഞ്ചു വർഷം കേരളത്തെ കട്ടുമുടിച്ചു. സോളാർ, ഭൂമി ഇടപാട് തുടങ്ങി ഉമ്മൻ ചാണ്ടി കൊള്ളസംഘത്തിനാണ് നേത്യത്വം നൽകിയത്. അഴിമതിവിരുദ്ധ സംസ്ഥാനമായി കേരളത്തെ മാറ്റിയതു പിണറായി വിജയനാണ്. മൂന്നാറിലെ അനധികൃത കുടിയേറ്റക്കാരെ കുടിയിറക്കണം.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് മൂന്നാറിൽ കൈയേറ്റവും നിർമാണ പ്രവർത്തനവും വ്യാപകമായത്. സർക്കാർ തിരിച്ചുപിടിക്കുന്ന ഭൂമി തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുളള ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് പോൾസണ്‍ മാത്യു അധ്യക്ഷതവഹിച്ചു. സി.കെ. തങ്കപ്പൻ, പോൾ ജോസഫ്, വേണുഗോപാൽ നായർ, ടി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.