ചങ്ങനാശേരി: എൻസിപിയുമായുള്ള ലയനവാർത്ത അടിസ്ഥാന രഹിതമാണെന്ന് കേരളകോണ്‍ഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ലയനവാർത്ത എവിടെനിന്നുള്ള കെട്ടുകഥയാണെന്ന് അറിയില്ല. ലയന വിഷയവുമായി ആരും തങ്ങളെയും സമീപിച്ചിട്ടില്ല.
തങ്ങൾ അങ്ങോട്ടും ചെന്നിട്ടില്ല. ഗണേഷ് കുമാറിനെ മന്ത്രിയാക്കാൻ ഇപ്പോൾ ആലോചനയില്ലെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു. കേരളകോണ്‍ഗ്രസ്-എമ്മിന്റെ എൽഡിഎഫ് പ്രവേശനം നടക്കുമെന്ന് താൻ കരുതുന്നില്ല.
മന്ത്രിയായിരുന്ന കെ.എം. മാണിയെ സൂചിമുനയിൽ നിർത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. അങ്ങനെയിരിക്കെ കേരളകോണ്‍ഗ്രസ്-എമ്മിനെ എൽഡിഎഫിൽ ചേർക്കുന്നത് അത്ര എളുപ്പമാകില്ലെന്നും പിള്ള പറഞ്ഞു.
കെ.എം. മാണിയെ ഒഴിച്ചുനിർത്തി കേരളകോണ്‍ഗ്രസ്-എമ്മിലെ മറ്റു നേതാക്കളെ ഉൾപ്പെടുത്തി കേരളകോണ്‍ഗ്രസുകൾ ഒന്നിക്കുന്നത് നല്ലതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. യുഡിഎഫ് തന്നെ ഒരുപാട് ദ്രോഹിച്ചു.
ഇതിനുള്ള കുറച്ചു മറുപടി നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകി. ബാക്കി ലോകസഭാ തെരഞ്ഞെടുപ്പിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. താൻ മന്ത്രിയായിരുന്ന കാലത്ത് കെഎസ്ആർടിസി ലാഭത്തിലായിരുന്നു. ഇനിയും രക്ഷപ്പെടാത്ത വിധം കെഎസ്ആർടിസിയുടെ നില മോശമാണെന്നും അദ്ദേഹം പറഞ്ഞു.