കൊല്ലം : ഒരു ഹരിജൻ ഇന്ത്യയുടെപ്രസിഡന്റാകണമെന്ന് ഗാന്ധിജി പറഞ്ഞത് ഡോ. അംബേദ്കറെഉദ്ദേശിച്ചാണെന്നും, ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റാകേണ്ടിയിരുന്നത് ഡോ.അംബേദ്ക്കറായിരുന്നുവെന്നും മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള . കോൺഗ്രസുമായിട്ടുള്ള അഭിപ്രായഭിന്നതയുടെ പേരിലാണ് അത് നടക്കാതെപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിഭവനിൽ കേരള ദലിത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കറുടെ 126ാംജന്മദിനദേശീയോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അംബേദ്കർ ദളിതരുടെ മാത്രമല്ല സമസ്തദരിദ്രരുടെയുംനേതാവായിരുന്നു. ദളിത് ജനവിഭാഗങ്ങൾക്ക് സംവരണം വേണ്ടായെന്നഅഭിപ്രായക്കാരനായിരുന്നു ഡോ. അംബേദ്ക്കർ. സംവരണം ദലിതരെ അവശരും അശ്രയരുമാക്കാനും ഉപകരിക്കൂവെന്നും ഡോ.അംബേദ്കർ പറഞ്ഞിരുന്നു. തന്നെപ്പോലെ ഉന്നതവിദ്യാഭ്യാസം നേടിമറ്റുള്ളവരേക്കാൾ മുന്നിലെത്താനാണ് അനുയായികളെ അംബേദ്കർ ഉദ്ബോധിപ്പിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
ആര് ഭരിച്ചാലും ഏറ്റവും കൂടുതൽ ചുഷണത്തിന് വിധേയമാകുന്നത് ആദിവാസികളും ദളിതരുമാണ്. ആദിവാസികൾക്ക് പിറന്നമണ്ണിൽ ഭൂമിയോ ചികിത്സാ സൗകര്യം പോലും ലഭിക്കുന്നില്ല.
ഉള്ള സംവരണം പോലും നഷ്ടപ്പെടുത്തുന്ന തരത്തിലേക്കാണ് ഇപ്പോഴത്തെ ഭരണാധികാരികൾ നീങ്ങുന്നത്. ദളിതരിലെ ഭിന്നതയാണ് അവരെ ചൂഷണം ചെയ്യാൻ രാഷ്ര്ടീയ പാർട്ടികളും ഭരണാധികാരികളും ഉപയോഗപ്പെടുത്തുന്നത്. ഈ വെല്ലുവിളി നേരിടാനുള്ള കരുത്താണ് ദലിതർക്ക് ആവശ്യമെന്ന് ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു.
കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തി, ചലച്ചിത്രതാരം ടി.പി. മാധവൻ, ടി.പി. അയ്യപ്പൻ, പി.ടി ജനാർദ്ദനൻ, മണ്ണിൽ ബേബി, പി.കെ. രാധ, പി.എസ്. അമൽരാജ്, എസ്പി. മഞ്ജു, രാജൻ വെമ്പിളി, പി.പി. കമല, ഇ.പി. കാർത്ത്യായനി, സാം ജോൺ, കാവുവിളബാബുരാജൻ, തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ര്ടീയസാമൂഹ്യരംഗത്തെ അറുപത് വർഷത്തിലേറെയുള്ള പ്രവർത്തനം പിന്നിട്ട ആർ. ബാലകൃഷ്ണപിള്ളയ്ക്ക് ഗാന്ധിഭവന്റെ വകയായി വരവേൽപ്പും സ്വീകരണവും നൽകി.